തിരുവനന്തപുരം
ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ശോഭ സുരേന്ദ്രൻ. പാർടിപരിപാടികളിൽനിന്നുൾപ്പെടെ മാറ്റിനിർത്തി സമൂഹമധ്യത്തിൽ തന്നെ അപമാനിക്കുന്നെന്ന് ന്യൂസ്18 ചാനലിനു നൽകിയ പ്രത്യേക അഭിമുഖത്തിൽ അവർ പറഞ്ഞു.താൻ പാർടി വിടുന്നു എന്നതരത്തിൽ വാർത്തകൾ പ്രചരിപ്പിക്കുന്നു. പാർടിയോട് തെറ്റ് ചെയ്തതുകൊണ്ടാണ് ശോഭ സുരേന്ദ്രനെ മാറ്റിനിർത്തുന്നതെന്ന് വിശദീകരിക്കുന്നു. ആരാണ് ഇത്തരം വാർത്തകൾ കൊടുക്കുന്നതെന്നും അവർ ചോദിച്ചു.
‘‘പാർടി പ്രവർത്തനത്തിനുവേണ്ടി വ്യക്തിപരമായി പലതും നഷ്ടപ്പെടുത്തേണ്ട സാഹചര്യം വന്നിട്ടുണ്ട്. ചില കാര്യങ്ങൾ എനിക്ക് സമൂഹത്തോട് തുറന്നുപറയണം. അത് പാർടിയെ നന്നാക്കാനാണ്–- അവർ പറഞ്ഞു.
കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി (സെക്രട്ടറി)യായി പ്രകാശ് ജാവദേക്കർ എത്തിയശേഷം ബിജെപിയെ ശക്തിപ്പെടുത്താൻ മൂന്ന് ചർച്ച നടത്തി. എന്നാൽ, നിർദേശിച്ച കാര്യങ്ങൾ ഇതുവരെ നടപ്പാക്കിയില്ല. കുമ്മനം രാജശേഖരൻ, സി കെ പത്മനാഭൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളെ പരിപാടികളിൽ പങ്കെടുപ്പിക്കുന്നില്ല. എല്ലാവരെയും ഒരുമിപ്പിച്ച് കൊണ്ടുപോകാൻ സംസ്ഥാന പ്രസിഡന്റിന് കഴിയുന്നില്ലെന്നും അവർ പറഞ്ഞു.
ബിജെപിക്കുള്ളിൽ താൻ മാത്രമല്ല വേദനിക്കുന്നത്. ആരും കരഞ്ഞുകൊണ്ട് പ്രവർത്തിക്കാൻ പാടില്ല എന്നുള്ളതുകൊണ്ടാണ് ഇപ്പോൾ തുറന്നുപറയാൻ തീരുമാനിച്ചത്. തന്റെ അഭിമുഖം പുറത്തുവരുമ്പോൾ അത് ഹിന്ദിയിലേക്ക് തർജിമ ചെയ്ത് കേന്ദ്രനേതൃത്വത്തിന് അയച്ചുകൊടുക്കാനാളുണ്ട് എന്നറിയാം. കേന്ദ്രനേതാക്കൾ വിളിച്ചാൽ കൂടുതൽ കാര്യങ്ങൾ പറയാനുണ്ട്.
വി മുരളീധരൻ, കെ സുരേന്ദ്രൻ എന്നിവരോട് ഇടഞ്ഞുനിൽക്കുന്ന ശോഭ സുരേന്ദ്രനെ ഒതുക്കുന്നതായി പാർടിക്കുള്ളിൽ പരാതി ഉയർന്നിരുന്നു. ശോഭയെ സംസ്ഥാന വൈസ് പ്രസിഡന്റ് ആക്കിയതുതന്നെ ദേശീയ നേതൃത്വം ഇടപെട്ടാണ്. ശോഭ സുരേന്ദ്രൻ മത്സരിച്ച ആറ്റിങ്ങൽ മണ്ഡലം കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ വി മുരളീധരൻ കൈയേറിയതും അവരെ ഒതുക്കുന്നതിന്റെ ഭാഗമായാണ്.