മിർപുർ
ഇന്ത്യൻ കുപ്പായത്തിൽ അരങ്ങേറ്റം കൊതിച്ച് മിന്നുമണി. ബംഗ്ലാദേശുമായുള്ള വനിതാ ട്വന്റി 20 ക്രിക്കറ്റ് പരമ്പരയ്ക്ക് ഇന്നാണ് തുടക്കം. ആദ്യകളിയിൽ ഇടംപിടിക്കാമെന്ന് പ്രതീക്ഷയില്ലെങ്കിലും പരമ്പരയിൽ ഒരു കളിയിലെങ്കിലും മിന്നുവിനെ പരീക്ഷിച്ചേക്കും. ബംഗ്ലാദേശ് തട്ടകമായ മിർപുർ ഷേർ ഇ ബംഗ്ല നാഷണൽ സ്റ്റേഡിയത്തിൽ പകൽ 1.30നാണ് കളി. മൂന്ന് ട്വന്റിയാണ് പരമ്പരയിൽ. തുടർന്ന് മൂന്ന് ഏകദിനവും കളിക്കും.
പുതുമുഖങ്ങളെ അണിനിരത്തിയുള്ള ടീമിൽ ആഭ്യന്തരതലത്തിലെ മികച്ച പ്രകടനമാണ് വയനാടുകാരിയായ മിന്നുവിന് തുണയായത്. ഹർമൻപ്രീത് കൗർ നയിക്കുന്ന സംഘം കരുത്തുറ്റതാണ്. നാലുമാസത്തിനിടെയുള്ള ആദ്യപരമ്പരയാണ് ഇന്ത്യക്ക്. അവസാനമായി രാജ്യാന്തര ക്രിക്കറ്റ് കളിച്ചത് ദക്ഷിണാഫ്രിക്കയിൽ നടന്ന ട്വന്റി 20 ലോകകപ്പിലാണ്. തുടർന്ന് മാർച്ചിൽ നടന്ന വനിതാ പ്രീമിയർ ലീഗിലും കളിക്കാൻ ഇറങ്ങി.
ടീം–- ഹർമൻപ്രീത് കൗർ, സ്മൃതി മന്ദാന, ദീപ്തി ശർമ, ഷഫാലി വെർമ, ജെമീമ റോഡ്രിഗസ്, യസ്തിക ഭാട്ടിയ, ഹർലീൻ ദിയോൾ, ദേവിക വൈദ്യ, ഉമ ചെട്രി, അമൻജോത് കൗർ, എസ് മേഘ്ന, പൂജാ വസ്ത്രാകർ, മേഘ്ന സിങ്, അഞ്ജലി സർവാണി, മോണിക പട്ടേൽ, റാഷി കനോജിയ, അനുഷ ബാറെഡ്ഡി, മിന്നു മണി.