മനാമ> സോഷ്യൽ മീഡിയയിൽ വിദ്വേഷ പ്രസംഗ വീഡിയോ പോസ്റ്റ് ചെയ്ത കേസിൽ വനിതയെ അബുദാബി ക്രിമിനൽ കോടതി അഞ്ച് വർഷം തടവിനും അഞ്ച് ലക്ഷം ദിർഹം (ഏതാണ്ട് 1,12,51,395 രൂപ) പിഴയടക്കാനും ശിക്ഷിച്ചു. ശിക്ഷക്ക് ശേഷം പ്രതിയെ നാടുകടത്താനും കോടതി വിധിച്ചു. പ്രതി പോസ്റ്റ് ചെയ്ത വീഡിയ പൊതു ധാർമ്മികതയ്ക്കും മാനദണ്ഡങ്ങൾക്കും വിരുദ്ധവും പുരുഷന്മാരെയും വീട്ടുജോലിക്കാരെയും അധിക്ഷേപിക്കുന്നതും വിദ്വേഷം ജനിപ്പിക്കാൻ ഉദ്ദേശിക്കുന്നതുമാണെന്ന പ്രോസിക്യൂഷൻ കണ്ടെത്തൽ കോടതി ശരിവെച്ചു.
കുറ്റകൃത്യം ചെയ്യാൻ ഉപയോഗിച്ച മൊബൈൽ ഫോൺ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു. മൊബൈൽ ഫോണിൽ നിന്നും സോഷ്യൽ മീഡിയ അക്കൗണ്ടിൽ നിന്നും വീഡിയോ ക്ലിപ്പ് പൂർണമായും നീക്കം ചെയ്യാനും അക്കൗണ്ട് പൂർണ്ണമായും അടച്ചുപൂട്ടാനും ഉത്തരവിട്ടു. കൂടാതെ ഏതെങ്കിലും വിവര ശൃംഖലയോ ഇലക്ട്രോണിക് വിവര സംവിധാനമോ മറ്റേതെങ്കിലും വിവര സാങ്കേതിക മാർഗമോ ഉപയോഗിക്കുന്നതിൽ നിന്ന് കോടതി പ്രതിയെ എന്നന്നേക്കുമായി വിലക്കി.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വൈറലായ വീഡിയോ ക്ലിപ്പിനെക്കുറിച്ച് അന്വേഷിച്ച പബ്ലിക് പ്രോസിക്യൂഷൻ പ്രതികളെ അറസ്റ്റ് ചെയ്യാൻ ഉത്തരവിടുകയായിരുന്നു. വിവേചനവും വിദ്വേഷവും നേരിടാനുള്ള 2015ലെ യുഎഇ നിയമ പ്രകാരം വിദ്വേഷ പ്രചാരണം നടത്തിയാൽ എമിറേറ്റിൽ കുറഞ്ഞത് അഞ്ച് വർഷത്തെ തടവോ 5,00,000 ദിർഹം പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ആയിരിക്കും ശിക്ഷ. പിഴ 20 ലക്ഷം ദിർഹത്തിൽ കൂടരുത്. മതം, ജാതി, സിദ്ധാന്തം, വംശം, നിറം, വംശീയ ഉത്ഭവം എന്നിവയുടെ അടിസ്ഥാനത്തിൽ വ്യക്തികൾക്കോ സംഘങ്ങൾക്കോ എതിരായ വിവേചനം നേരിടുകയാണ് നിയമം ലക്ഷ്യമിടുന്നത്.
രണ്ടാഴ്ച മുൻപ് പുസ്തകമേളക്കിടെ സോഷ്യൽ മീഡിയ തസ്തമയ വീഡിയോയിലൂടെ വിദ്വേഷം വളർത്തിയതിനും സ്വകാര്യതയിലേക്ക് കടന്നുകയറിയതിനും അറബ് യുവതിയെ അബുദാബി ക്രിമിനൽ കോടതി ശിക്ഷിച്ചിരുന്നു. സ്വകാര്യതയിലേക്ക് കടന്നു കയറിയതിന് ആറ് മാസത്തെ തടവിനും 50,000 ദിർഹം (ഏതാണ്ട് 11,26,724 രൂപ) പിഴ അടക്കാനും സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചതിന് 10,000 ദിർഹം പിഴക്കുമായിരുന്നു ഇവരെ ശിക്ഷിച്ചത്.