ന്യൂഡൽഹി
ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എസ്സി, എസ്ടി വിദ്യാർഥികൾ നേരിടുന്ന വിവേചനം തടയാൻ എന്തെല്ലാം നടപടി സ്വീകരിച്ചെന്ന് യുജിസിയോട് സുപ്രീംകോടതി. ജാതിവിവേചനംമൂലം ആത്മഹത്യ ചെയ്ത ഹൈദരാബാദ് സർവകലാശാലയിലെ ഗവേഷക വിദ്യാർഥി രോഹിത്വെമുല, മുംബൈ ബിവൈഎൽ നായർ ആശുപത്രിയിലെ ഡോ. പായൽ തദ്വി എന്നിവരുടെ അമ്മമാരുടെ ഹർജിയിലാണ് ഇടപെടൽ.
‘മക്കളെ നഷ്ടപ്പെട്ട മാതാപിതാക്കളുടെയും വിദ്യാർഥികളുടെയും താൽപ്പര്യങ്ങൾ കണക്കിലെടുക്കണം. ഭാവിയിൽ ഇത്തരം വിഷയങ്ങൾ ആവർത്തിക്കാതിരിക്കാൻ വേണ്ട കരുതലുണ്ടാകണം. ഹർജിക്കാരുടെ ആശങ്കകൾ ഉൾക്കൊള്ളണം. പോരായ്മകളും വീഴ്ചകളും ഉണ്ടെങ്കിൽ പരിഹരിക്കണം’–- ജസ്റ്റിസുമാരായ എ എസ് ബൊപ്പണ്ണ, എം എം സുന്ദരേഷ് എന്നിവർ അംഗങ്ങളായ ബെഞ്ച് നിർദേശിച്ചു.
എസ്സി, എസ്ടി വിദ്യാർഥികളെ മുഖ്യധാരയിൽ എത്തിക്കാനുള്ള നടപടികളെക്കുറിച്ചും ആലോചിക്കണമെന്ന് ജസ്റ്റിസ് സുന്ദരേഷ് യുജിസി അഭിഭാഷകരോട് നിർദേശിച്ചു. നാലാഴ്ചയ്ക്കുശേഷം കേസ് വീണ്ടും പരിഗണിക്കും.