ന്യൂഡൽഹി
മഹാരാഷ്ട്രയിലെ എൻസിപി പിളർത്തി അജിത് പവാറും കൂട്ടരും എൻഡിഎയിലേക്ക് ചേക്കേറിയെങ്കിലും പാർടി ഘടകങ്ങൾ ശരദ് പവാറിനൊപ്പം ഉറച്ചുനിൽക്കും. ഡൽഹിയിൽ ശരദ് പവാറിന്റെ വസതിയിൽ ചേര്ന്ന ദേശീയ പ്രവർത്തക സമിതി യോഗത്തിൽ പങ്കെടുത്ത 22 സംസ്ഥാന ഘടകങ്ങളും പവാറിൽ പൂർണവിശ്വാസം രേഖപ്പെടുത്തി. അഞ്ച് സംസ്ഥാന പ്രസിഡന്റുമാർ എത്തിയില്ലെങ്കിലും പവാറിന് പിന്തുണ നൽകുന്ന കത്തയച്ചു. ദേശീയ വർക്കിങ് പ്രസിഡന്റും രാജ്യസഭാംഗവുമായ പ്രഫുൽ പട്ടേൽ, ലോക്സഭാംഗവും വിമതപക്ഷത്തിന്റെ മഹാരാഷ്ട്ര പ്രസിഡന്റുമായ സുനിൽ തത്കരെ, എസ് ആർ കോഹ്ലി, അജിത് പവാർ അടക്കമുള്ള ഒമ്പത് എംഎൽഎമാർ എന്നിവരെ പുറത്താക്കിയ നടപടി പ്രവർത്തക സമിതി അംഗീകരിച്ചു. ശരദ് പവാറിന് പിന്തുണ പ്രഖ്യാപിച്ചതടക്കം എട്ട് പ്രമേയം യോഗം അംഗീകരിച്ചു.
യോഗത്തിനുശേഷം മാധ്യമങ്ങളെ കണ്ട ശരദ് പവാർ താൻതന്നെയാണ് എൻസിപി പ്രസിഡന്റെന്ന് പ്രഖ്യാപിച്ചു. പറയാനുള്ളതെല്ലാം തെരഞ്ഞെടുപ്പുകമീഷനോട് വ്യക്തമാക്കും. 82 അല്ല 92 വയസ്സായാലും കാര്യമാക്കുന്നില്ല. ഇപ്പോഴും ഊർജസ്വലനാണ്–- പവാർ വ്യക്തമാക്കി.
വിമതനീക്കം മഹാരഷ്ട്രയിൽമാത്രം ഒതുങ്ങുന്നതാണെന്നും ഏതാനും എംഎൽഎമാരല്ല പാർടിയെന്നും പി സി ചാക്കോ പറഞ്ഞു. കേരളത്തിൽനിന്നുള്ള എല്ലാ നേതാക്കളും പവാറിനുള്ള പിന്തുണ വ്യക്തമാക്കുന്ന മുദ്രപ്പത്രങ്ങൾ പാർടിക്ക് കൈമാറി. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വസതിയിലെത്തി ശരദ് പവാറിന് പിന്തുണ പ്രഖ്യാപിച്ചു. ഇതിനിടെ, താൻ രാജിവയ്ക്കുമെന്ന അഭ്യൂഹങ്ങളെ തള്ളി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ രംഗത്തെത്തി. അജിത് പവാർ പക്ഷം വന്നത് സർക്കാരിന്റെ ശക്തി വർധിപ്പിച്ചു. പ്രധാനമന്ത്രി മോദിയുടെയും അമിത് ഷായുടെയും പിന്തുണ തനിക്കുണ്ടെന്നും- ഷിൻഡെ പറഞ്ഞു.