മണിപ്പുർ സംഘർഷം ചർച്ച ചെയ്യണമെന്ന ആവശ്യം അംഗീകരിക്കാത്തതിനെത്തുടർന്ന് ആഭ്യന്തരമന്ത്രാലയത്തിന്റെ പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി യോഗത്തിൽനിന്ന് പ്രതിപക്ഷ എംപിമാർ ഇറങ്ങിപ്പോയി. ഡെറക് ഒബ്രിയൻ(തൃണമൂൽ),ദിഗ് വിജയ്സിങ്, പ്രദീപ് ഭട്ടാചാര്യ( കോൺഗ്രസ്) എന്നിവരാണ് ഇറങ്ങിപ്പോയത്. ജയിലുകളിലെ അടിസ്ഥാനസൗകര്യം മുഖ്യ അജൻഡയാക്കിയാണ് യോഗം ചേരുന്നതെന്നും മറ്റ് കാര്യങ്ങളൊന്നും ചർച്ച ചെയ്യാൻ കഴിയില്ലെന്നും കമ്മിറ്റി അധ്യക്ഷനായ ബിജെപി എംപി ബ്രിജ്ലാൽ നിലപാടെടുത്തു.
ഇന്റർനെറ്റ് നിരോധന ഹർജി
സുപ്രീംകോടതി പരിഗണിച്ചില്ല
സംഘർഷകലുഷിതമായ മണിപ്പുരിലെ ഇന്റർനെറ്റ് നിരോധനം ചോദ്യംചെയ്തുള്ള ഹർജി പരിഗണിക്കാതെ സുപ്രീംകോടതി. ഇന്റർനെറ്റ് നിരോധനം ഉൾപ്പെടെയുള്ള ഹർജികൾ മണിപ്പുർ ഹൈക്കോടതി പരിഗണിക്കുന്നുണ്ടെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാണിച്ചു. മണിപ്പുർ സ്വദേശിയും മണിപ്പുർ ഹൈക്കോടതിയിലെ അഭിഭാഷകനുമാണ് സുപ്രീംകോടതിയെ സമീപിച്ചത്. സംസ്ഥാനത്ത് മെയ് മൂന്നുമുതൽ ഇന്റർനെറ്റ് സേവനങ്ങൾ നിരോധിച്ചിരിക്കുകയാണ്.