ന്യൂഡൽഹി
കലാപത്തിൽ ഇരുന്നൂറിലേറെ പേർക്ക് ജീവൻ നഷ്ടപ്പെട്ട മണിപ്പുരിൽ വെടിയൊച്ച നിലയ്ക്കുന്നില്ല. സംഘർഷം രൂക്ഷമായ കാങ്പോപ്പി ജില്ലയിൽ കുക്കി വിമതരും ബിജെപി നേതാവിന്റെ നിയന്ത്രണത്തിലുള്ള അരംബൈ തെങ്കൊൽ വിമതരും ബുധനാഴ്ചയും ഏറ്റുമുട്ടി. ഗാംഗിഫായ് പ്രദേശത്തായിരുന്നു മണിക്കൂറുകൾ നീണ്ട ഏറ്റുമുട്ടൽ. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ബിഷ്ണുപുർ ജില്ലയിലെ ഖോജുംതാമ്പിയിലും ശക്തമായ വെടിവയ്പ് നടന്നു. സുരക്ഷാ സേന ഇരുപ്രദേശത്തും പട്രോളിങ് ശക്തമാക്കി.
ചുരാചന്ദ്പുരയിലെ ലംകയിൽ ആയിരക്കണക്കിനു കുക്കി വിമതസേനാംഗങ്ങൾ ശക്തിപ്രകടനം നടത്തി. ജീവൻ ത്യജിക്കാൻ മടിയില്ലെന്ന പ്രതിജ്ഞയുമെടുത്താണ് ഇവർ പിരിഞ്ഞത്. കഴിഞ്ഞ ദിവസം മെയ്ത്തീ ഭൂരിപക്ഷ ജില്ലയായ തൗബാലിൽ ഇന്ത്യൻ റിസർവ് ബറ്റാലിയൻ ക്യാമ്പിലേക്ക് ജനക്കൂട്ടം ഇരച്ചുകയറിയതിനെത്തുടർന്നുണ്ടായ വെടിവയ്പിലെ മരണം രണ്ടായി. ഇതിനു പിന്നാലെ സൈനികന്റെ വീട് ജനക്കൂട്ടം കത്തിച്ചു. അസം റൈഫിൾസിന്റെ വാഹനവും കത്തിച്ചു.
രണ്ടുമാസത്തിനുശേഷം ഇംഫാലിലെ സ്കൂളുകൾ തുറന്നെങ്കിലും ഹാജർനില നന്നേ കുറവായിരുന്നു. ഒന്നുമുതൽ എട്ടുവരെയുള്ള ക്ലാസാണ് ബുധനാഴ്ച തുടങ്ങിയത്. 113 കുട്ടികൾ മാത്രമാണ് എത്തിയത്. അതേസമയം, പർവതപ്രദേശത്തെ സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് തീരുമാനെമടുക്കാൻ സർക്കാർ തയ്യാറായിട്ടില്ല.
ഇടതുപക്ഷ എംപിമാര്‍
മണിപ്പുരിലേക്ക്
ഇടതുപക്ഷ എംപിമാരുടെ പ്രതിനിധിസംഘം മൂന്ന് ദിവസ സന്ദർശനത്തിനായി വ്യാഴാഴ്ച മണിപ്പുരിലെത്തുമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അറിയിച്ചു. രാജ്യസഭാംഗങ്ങളായ ജോൺ ബ്രിട്ടാസ്, ബികാഷ് രഞ്ജൻ ഭട്ടാചാര്യ (സിപിഐ എം), ബിനോയ് വിശ്വം, പി സന്തോഷ്കുമാർ, ലോക്സഭാംഗം കെ സുബ്ബരായൻ (സിപിഐ) എന്നിവരാണ് സംഘത്തിലുള്ളത്. കലാപബാധിത മേഖലകളും അഭയാർഥിക്യാമ്പുകളും എംപിമാർ സന്ദർശിക്കും. ഇംഫാലിലും ചുരാചന്ദ്പ്പുരിലുമായി എല്ലാ വംശീയവിഭാഗങ്ങളിൽപ്പെട്ടവരെയും കാണും. ഗവർണർ അനസൂയ ഉയിക്കെയുമായി വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തും. ശനിയാഴ്ച ഇംഫാലിൽ മാധ്യമങ്ങളെ കാണും.
മണിപ്പുരിൽ ഇപ്പോഴും രക്തരൂഷിതമായ സ്ഥിതിയിലാണ്. അഭയാർഥിക്യാമ്പുകളിലും മറ്റും നാട്ടുകാര്‍ ദുരിതത്തിലാണ്. ഇന്റർനെറ്റ് വിലക്ക് തുടരുന്നതിനാൽ ഒറ്റപ്പെട്ട നിലയിലാണ്. മുഖ്യധാരാ മാധ്യമങ്ങൾ മണിപ്പുരുകാരുടെ ദുരവസ്ഥ പുറത്തുകൊണ്ടുവരുന്നില്ല. ഇരട്ട എൻജിൻ സർക്കാരിന്റെ ‘സദ്ഭരണ’ത്തിന്റെ നേരവസ്ഥയാണ് മണിപ്പുരിൽ തെളിയുന്നത്. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രി ഉൾപ്പെടെ അദ്ദേഹത്തിന്റെ വിശ്വസ്തരും പ്രതിപക്ഷ പാർടികളെ അടിച്ചമർത്തുന്നതിനും മഹാരാഷ്ട്രയിലും മറ്റും പിളർപ്പുകൾ സംഘടിപ്പിക്കുന്നതിലുമാണ് താൽപ്പര്യമെടുക്കുന്നത്. അധികാരത്തിൽ തുടരാൻ യാതൊരു അവകാശവുമില്ലാത്ത, വിഘടിത രാഷ്ട്രീയത്തിന്റെ പര്യായമായ മുഖ്യമന്ത്രിയെ പുറത്താക്കണമെന്നും ജനങ്ങൾ ആവശ്യപ്പെടുന്നു. ഈ ആവശ്യങ്ങളുയർത്തി ഡൽഹിയിൽ 10 രാഷ്ട്രീയപാർടികള്‍ ദേശീയ കൺവൻഷൻ ചേർന്നിരുന്നു. സിപിഐ എമ്മും സിപിഐയും കൺവൻഷനിൽ സജീവ പങ്കാളികളായിരുന്നു. –- പിബി പ്രസ്താവനയിൽ അറിയിച്ചു.