ന്യൂഡൽഹി
ഏക സിവിൽ കോഡ് വിഷയത്തിൽ വിവിധ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് പുലര്‍ത്തുന്നത് മൃദുസമീപനം. നിലപാട് വ്യക്തമാക്കാമോയെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്റെ വെല്ലുവിളി ഹിമാചൽപ്രദേശിലെ കോൺഗ്രസ് മുഖ്യമന്ത്രി സുഖ്വീന്ദർ സിങ് സുഖു ഏറ്റെടുക്കാന്‍ കൂട്ടാക്കിയില്ല. മന്ത്രിയും കോൺഗ്രസ് നേതാവുമായ വിക്രമാദിത്യ സിങ് ഏക സിവിൽ കോഡിന് പിന്തുണ അറിയിച്ച് രംഗത്തുവന്നു.
അന്തരിച്ച മുൻ മുഖ്യമന്ത്രി വീരഭദ്ര സിങ്ങിന്റെയും പിസിസി പ്രസിഡന്റ് പ്രതിഭ സിങ്ങിന്റെയും മകനായ വിക്രമാദിത്യയോട് നിലപാട് തിരുത്താൻ കോൺഗ്രസ് കേന്ദ്ര–- സംസ്ഥാന നേതൃത്വം ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. മധ്യപ്രദേശ്, രാജസ്ഥാൻ, ഉത്തരാഖണ്ഡ്, ഗുജറാത്ത്, മഹാരാഷ്ട്ര, യുപി തുടങ്ങിയ സംസ്ഥാനങ്ങളിലും കോൺഗ്രസിന് സമാന നിലപാടാണ്.ഉത്തരാഖണ്ഡിൽ ഏക സിവിൽ കോഡിന്റെ കരടുരൂപീകരണത്തിനായി നിയമിക്കപ്പെട്ട ജുഡീഷ്യൽ സമിതി റിപ്പോർട്ട് ഏറെക്കുറെ അന്തിമമായി. സംസ്ഥാനത്ത് ഏക സിവിൽ കോഡ് ഉടന്‍ നിലവിൽവരുമെന്ന് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി പ്രഖ്യാപിച്ചു. എന്നിട്ടും മുഖ്യപ്രതിപക്ഷമായ കോൺഗ്രസ് എതിര്‍പ്പ് അറിയിച്ചില്ല. ഏക സിവിൽ കോഡിനായി സമിതികൾ രൂപീകരിക്കപ്പെട്ട മധ്യപ്രദേശ്, ഗുജറാത്ത്, യുപി തുടങ്ങിയ ബിജെപി ഭരണ സംസ്ഥാനങ്ങളിലും കോൺഗ്രസ് എതിർപ്പ് പ്രകടിപ്പിച്ചിട്ടില്ല.
ഏക സിവിൽ കോഡ് ജനങ്ങൾക്ക് താൽപ്പര്യമുള്ള വിഷയമല്ലെന്നാണ് കഴിഞ്ഞ ദിവസം മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥ് പ്രതികരിച്ചത്. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടും ഇക്കാര്യത്തില്‍ മൗനത്തിലാണ്.
നിയമ കമീഷനെ എതിർപ്പറിയിച്ച്
മുസ്ലിം വ്യക്തിനിയമ ബോർഡ്
ഏക സിവിൽ കോഡ് നടപ്പാക്കുന്നതിലെ എതിർപ്പ് 22–-ാം നിയമ കമീഷനെ അറിയിച്ച് മുസ്ലീം വ്യക്തിനിയമ ബോർഡ്. ഭരണഘടനാപരമായി വ്യക്തിനിയമങ്ങൾ പിന്തുടരുന്നതിനുള്ള അവകാശം ന്യൂനപക്ഷങ്ങൾക്കും ഗോത്രവിഭാഗങ്ങൾക്കുമുണ്ടെന്ന് കമീഷന് കൈമാറിയ കുറിപ്പിൽ അറിയിച്ചു. 21–-ാം നിയമ കമീഷൻ വിശദമായ പരിശോധനകൾക്കുശേഷം ഏക സിവിൽ കോഡ് നിലവിൽ അഭികാമ്യവും അനിവാര്യവുമല്ലെന്ന് അറിയിച്ചതാണ്. ചുരുങ്ങിയ കാലയളവിൽ വീണ്ടും വിഷയത്തിലേക്ക് കടക്കുന്നത് അസാധാരണ നടപടിയാണ്. ഖുറാൻ അനുശാസിക്കുന്നത് പോലുള്ള വ്യക്തിനിയമങ്ങൾ പിന്തുടരാൻ ഭരണഘടനയുടെ 25, 26 അനുച്ഛേദങ്ങൾപ്രകാരം മുസ്ലീം മതവിശ്വാസികൾക്ക് അവകാശമുണ്ട്–- ബോർഡ് ചൂണ്ടിക്കാട്ടി.
ഏക സിവിൽ കോഡ് നീക്കത്തെ എതിർത്ത് ഛത്തിസ്ഗഢിലെ സർവ ആദിവാസി സമാജും ബുധനാഴ്ച രംഗത്തെത്തി. പാരമ്പര്യ ആചാരങ്ങളും അനുഷ്ഠാനങ്ങളും പിന്തുടരുന്ന ആദിവാസി സമൂഹത്തിന്റെ സ്വത്വത്തെ ബാധിക്കുന്നതാണ് ഏക സിവിൽ കോഡ് നീക്കമെന്ന് ആദിവാസി സമാജ് അഭിപ്രായപ്പെട്ടു. ജാർഖണ്ഡിലെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും ആദിവാസി–- ഗോത്ര വിഭാഗങ്ങളും ഏക സിവിൽ കോഡിനെ എതിർത്ത് രംഗത്തുണ്ട്.