കൊച്ചി
പുനർജനി പദ്ധതിപ്രകാരമെന്ന് അവകാശപ്പെട്ട് പ്രതിപക്ഷനേതാവ് വി ഡി സതീശൻ ഫെയ്സ്ബുക് പേജിൽ ഇതുവരെ പ്രസിദ്ധീകരിച്ചത് 83 വീടുകൾ നിർമിച്ച വിവരം. കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റി 229 വീട് നിർമിച്ചെന്ന് അവകാശപ്പെടുമ്പോഴാണ് സതീശന്റെ എഫ്ബി പേജിൽ 83 വീടുകളുടെ വിവരം. എന്നാൽ, സതീശൻ അവകാശപ്പെടുന്ന ഈ വീടുകൾ ഉൾപ്പെടെ മറ്റു പദ്ധതികളിലൂടെയാണ് നിർമിച്ചതെന്നതാണ് യാഥാർഥ്യം.
തയ്യൽമെഷീൻ നൽകിയതുപോലും സതീശന്റെ ഫെയ്സ്ബുക് പേജിൽ കൃത്യമായി അതത് ദിവസം പ്രസിദ്ധീകരിക്കാറുണ്ട്. ഇപ്രകാരം പ്രസിദ്ധീകരിച്ച, വീടുകളുടെ താക്കോൽദാനം എണ്ണി തിട്ടപ്പെടുത്തി ഡിവൈഎഫ്ഐ തൃശൂർ ജില്ലാ സെക്രട്ടറി എൻ വി വൈശാഖനാണ് പുനർജനിയിലെ സതീശന്റെ തട്ടിപ്പുസംബന്ധിച്ച് ഫെയ്സ്ബുക്കിൽ കുറിപ്പിട്ടത്.
പുനർജനി പദ്ധതിപ്രകാരം 229 വീടുകൾ നിർമിച്ചുനൽകിയെന്ന് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റി അവകാശപ്പെടുകയും പ്രതിപക്ഷനേതാവ് കണക്ക് വെളിപ്പെടുത്താതിരിക്കുകയും ചെയ്തതുകൊണ്ടാണ് അദ്ദേഹത്തിന്റെ ഫെയ്സ്ബുക് നോക്കി കണക്ക് പുറത്തുവിട്ടതെന്ന് വൈശാഖൻ പറഞ്ഞു. തെറ്റുണ്ടെങ്കിൽ പറയണമെന്നും അല്ലെങ്കിൽ നിയമനടപടിയാകാമെന്നും വെല്ലുവിളിച്ചിട്ടുണ്ട്. സ്പോൺസർമാരുടെ പേരില്ലാതെയും ഹാബിറ്റാറ്റ് ഫോർ ഹുമാനിറ്റിയെന്ന എൻജിഒയുടെ സഹകരണത്തോടെയും 19 വീടുകൾ നിർമിച്ചതായേ സതീശൻ ഫെയ്സ്ബുക്കിൽ അവകാശപ്പെട്ടിട്ടുള്ളൂ. പുനർജനിയിലൂടെയെന്ന് അവകാശപ്പെടുന്ന 50 വീടുകളും പൂർണമായും മറ്റുള്ളവർ നിർമിച്ചുനൽകിയതാണെന്നും സ്പോൺസർമാരുടെ പേരുകൾ പരാമർശിച്ച് വൈശാഖൻ സാക്ഷ്യപ്പെടുത്തുന്നു. 14 വീടുകളുടെ കാര്യത്തിൽ പുനർജനിയെന്ന അവകാശവാദംപോലും സതീശൻ ഉന്നയിച്ചിട്ടില്ല. അദ്ദേഹം കല്ലിട്ടതോ താക്കോൽ കൈമാറിയതോ ആയിരിക്കുമിത്. കെപിസിസി നൽകിയ രണ്ട് വീടുകളും പുനർജനിപ്പട്ടികയിൽ പെടുത്തിയിട്ടുണ്ട്.
റിജിൽ മാക്കുറ്റിയും വൈശാഖനും പങ്കെടുത്ത ചാനൽ ചർച്ചയിലെ വെല്ലുവിളിയുടെ തുടർച്ചയായാണ് പുനർജനിയിൽ 229 വീടുകൾ നിർമിച്ചുനൽകിയെന്ന് റിജിൽ മാക്കുറ്റി എഫ്ബി കുറിപ്പിട്ടത്. വീട് ലഭിച്ചവരുടെ സ്വകാര്യത മാനിച്ചാണ് പേരുകൾ പറയാത്തതെന്നുമായിരുന്നു വാദം. എന്നാൽ, മറ്റു പദ്ധതികളിലൂടെയാണെങ്കിലും പുനർജനിയെന്ന് അവകാശപ്പെട്ട് വീട് നൽകിയ 83 പേരുടെ വിവരം പ്രസിദ്ധീകരിച്ചപ്പോൾ അവരുടെ സ്വകാര്യത നോക്കിയില്ലേയെന്നും വൈശാഖൻ ചോദിക്കുന്നു.