ന്യൂഡൽഹി
മഹാരാഷ്ട്രയിൽ എൻസിപിയെ പിളർത്തി എൻഡിഎ സർക്കാരിൽ ചേർന്ന അജിത് പവാർ പക്ഷത്തിന് കൂറുമാറ്റ നിരോധന നിയമം മറികടക്കാനാവശ്യമായ 36 എംഎൽഎമാരെ അണിനിരത്താനായില്ല. വിമതപക്ഷം ബാന്ദ്രയിലെ എംഇടിയിൽ നടത്തിയ യോഗത്തിലെത്തിയത് 29 എംഎൽമാർ. 43 എംഎൽഎമാർ ഒപ്പിട്ട കത്ത് കൈവശമുണ്ടെന്ന് വിമതർ അവകാശപ്പെട്ടിരുന്നു. മുംബൈ വൈ ബി ചവാൻ ഓഡിറ്റോറിയത്തിൽ ശരദ് പവാർ വിളിച്ച യോഗത്തിൽ 14 എംഎൽഎമാരെത്തി. അഞ്ച് എംപിമാരും മൂന്ന് എംഎൽസിമാരും പങ്കെടുത്തു. ആകെയുള്ള 53 എൻസിപി എംഎൽഎമാരിൽ 10 പേർ ഏത് പക്ഷത്താണെന്ന് ഇനിയും വ്യക്തമാക്കാത്തത് സ്ഥിതി സങ്കീർണമാക്കി. മറുകണ്ടം ചാടിയ നാല് എംഎൽഎമാർ ശരദ് പവാറിനൊപ്പം തിരികെയെത്തി.
ശരദ് പവാറിന് 83 വയസ്സായെന്നും രാഷ്ട്രീയത്തിൽനിന്ന് വിരമിക്കണമെന്നും അജിത് പവാർ ആവശ്യപ്പെട്ടു. 2004ൽ കോൺഗ്രസിനേക്കാൾ കൂടുതൽ എംഎൽഎമാരുണ്ടായിട്ടും മുഖ്യമന്ത്രിപദം എൻസിപിക്ക് ലഭിച്ചില്ല. 2017ൽ പവാറിന്റെ നിർദേശാനുസരണം ബിജെപിയുമായി ചർച്ച നടത്തി. 2014ലും ചർച്ച നടത്തി. എൻഡിഎയിൽ ചേരാൻ ഒരുവർഷംമുമ്പേ തീരുമാനിച്ചിരുന്നു–- അജിത് പവാർ അവകാശപ്പെട്ടു.
വ്യാഴാഴ്ച എൻസിപി ദേശീയ എക്സിക്യൂട്ടീവ് യോഗം വിളിച്ച ശരദ് പവാർ സഖ്യകക്ഷികളെ തകർക്കുന്നതാണ് ബിജെപി രീതിയെന്ന് വിമതർക്ക് മുന്നറിയിപ്പ് നൽകി.പാർടിയുടെ പേരും ചിഹനവും ആർക്കും വിട്ടുകൊടുക്കില്ല. അധികാരത്തിന് ആർത്തിയില്ല. പ്രതിബന്ധങ്ങൾ മറികടന്ന് മുന്നോട്ടു പോകും–-ശരദ് പവാർ പറഞ്ഞു. മുബൈയിലെ വസതിയിൽനിന്ന് വേദിയിലേക്കെത്തിയ പവാറിനെ പുഷ്പവൃഷ്ടിയോടെയാണ് പ്രവർത്തകർ വരവേറ്റത്.