തിരുവനന്തപുരം
സംസ്ഥാനത്ത് കഴിഞ്ഞ മൂന്നു ദിവസമായി തുടരുന്ന കനത്ത മഴയിൽ മധ്യ, വടക്കൻ ജില്ലകളിൽ പരക്കെ നാശം. കോട്ടയം പത്തനംതിട്ട ജില്ലകളിൽ പുഴകര കവിഞ്ഞ് വീടുകൾ വെള്ളത്തിലായി. കുട്ടനാടും ജല നിരപ്പ് ഉയരുകയാണ്. ആലപ്പുഴയിലും കണ്ണൂരിലും രണ്ടുപേർ മരിച്ചു. തൃശൂരിൽ ചുഴലിയിൽ വൈദ്യുതി പോസ്റ്റുകളും മരങ്ങളും നിലംപൊത്തി.
മഴ വ്യാഴംകൂടി തുടരുമെന്നും തുടർന്ന് മഴയുടെ തീവ്രത കുറയുമെന്നാണ് കാലാവസ്ഥാ വകുപ്പ് പ്രവചനം. എന്നാൽ, വടക്കൻ കേരളത്തിൽ അടുത്ത രണ്ടുമൂന്ന് ദിവസംകൂടി ശക്തമായ മഴ തുടരും. സംസ്ഥാനത്താകെ 64 ദുരിതാശ്വാസ ക്യാമ്പ് തുറന്നു. 264 കുടുംബത്തിലെ 1154 പേരാണ് ക്യാമ്പുകളിൽ ഉള്ളത്. 14 വീട് പൂർണമായും 398 വീട് ഭാഗികമായും തകർന്നു. തീരദേശത്ത് കടൽക്ഷോഭം ശക്തമാണ്. ആലപ്പുഴയിൽ കിഴക്കൻ വെള്ളത്തിന്റെ ശക്തമായ ഒഴുക്കിൽ കുട്ടനാട്ടിൽ ജലനിരപ്പ് ഉയർന്നു. പമ്പാനദിയിലും മണിമലയാറ്റിലും അച്ചൻകോവിൽ ആറ്റിലും ജലനിരപ്പ് ഉയരുകയാണ്. പുന്നപ്ര തെക്ക് പഞ്ചായത്തിലെ പാര്യക്കാടൻ പാടശേഖരത്ത് മടവീണു.
തൃശൂരിൽ ചാലക്കുടി, മുകുന്ദപുരം താലൂക്കുകളിൽ മിന്നൽചുഴലി വീശി മൂന്ന് വീട് പൂർണമായും 56 വീട് ഭാഗികമായും തകർന്നു. പാലക്കാട്ട് കുതിരാൻ തുരങ്കത്തിനു സമീപം വഴുക്കുംപാറയിൽ റോഡിൽ വിള്ളൽ കണ്ടെത്തി. കണ്ണൂരിൽ സെൻട്രൽ ജയിലിന്റെ ചുറ്റുമതിൽ തകർന്നു. കണ്ണൂർ നഗരത്തിൽ ഓടുന്ന വാഹനങ്ങൾക്കുമേൽ മരം വീണ് രണ്ടുപേർക്ക് പരിക്കുണ്ട്. കാസർകോട്ട് കുന്നുംകൈ, പെരുമ്പട്ട ഗവ. എൽപി സ്കൂളുകളിൽ മണ്ണിടിഞ്ഞു. മലപ്പുറത്ത് ചാലിയാറിലും കടലുണ്ടിപ്പുഴയിലും ജലനിരപ്പുയർന്നു.
പത്തനംതിട്ടയിൽ തിരുവല്ല നിരണം വടക്കുംഭാഗം എസ് മുക്കിനു സമീപം 138 വർഷം പഴക്കമുള്ള സെന്റ് പോൾസ് സിഎസ്ഐ പള്ളി തകർന്നുവീണു. മണിമലയാർ കരകവിഞ്ഞു. തിരുവല്ല, കല്ലൂപ്പാറ ഭാഗങ്ങളിൽ വീടുകളിൽ വെള്ളം കയറി. കോഴിക്കോട്ട് കൂടരഞ്ഞി ഉറുമി ജലവൈദ്യുതി പദ്ധതിയുടെ പെൻ സ്റ്റോക്ക് പൈപ്പ് പൊട്ടിയതിനെ തുടർന്ന് ഉൽപ്പാദനംനിർത്തി. രണ്ടാംഘട്ടത്തിലെ 197 മീറ്റർ പെൻസ്റ്റോക്ക് പൈപ്പാണ് ചൊവ്വ വൈകിട്ട് പൊട്ടിയത്. ജനറേറ്റർ റൂമുകളിൽഉൾപ്പെടെ വെള്ളം കയറി. വടകര ഗവ. ജില്ലാ ആശുപത്രിയോട് ചേർന്നുള്ള മതിലിന്റെ ഒരുഭാഗം ഇടിഞ്ഞുവീണു. കോട്ടയത്ത് താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. ഇടുക്കി മലങ്കര, കുറ്റ്യാടി, കാരാപ്പുഴ, മണിയാർ, ഭൂതത്താൻകെട്ട്, മൂലത്തറ, പഴശി എന്നീ അണക്കെട്ടുകളുടെ ഷട്ടറുകൾ ഭാഗികമായി തുറന്നു.
രണ്ട് മരണം; ഒരാളെ കാണാതായി
മഴക്കെടുതികളിൽ ബുധനാഴ്ച സംസ്ഥാനത്ത് രണ്ട് മരണം. കണ്ണൂരിൽ വെള്ളക്കെട്ടിൽ വീണ് ഒരാളും ആലപ്പുഴയിൽ വള്ളം മറിഞ്ഞ് കാണാതായ ഒരാളുമാണ് മരിച്ചത്. കണ്ണൂരിൽ സിറ്റി നാലുവയലിലെ ബഷീറാ (50)ണ് മരിച്ചത്. തോട്ടപ്പള്ളി പൊഴിയിൽ വള്ളംമറിഞ്ഞ് കാണാതായ അതിഥിത്തൊഴിലാളി, ബിഹാർ ശശിധർപുർ പനവശിവനിൽ രാംകുമാറിന്റെ മകൻ രാജു കുമാറാ(21)ണ് മരിച്ചത്. ഐആർഇയുടെ എസ്കവേറ്റർ ഓപ്പറേറ്റർ ജീവനക്കാരനാണ്. ബുധൻ രാവിലെ ആറോടെ പൊഴിയുടെ തെക്കുഭാഗത്താണ് മൃതദേഹം കണ്ടത്. തിങ്കൾ പകൽ രണ്ടോടെയായിരുന്നു അപകടം. പൊഴി മുറിക്കുന്നതിനിടെ വള്ളത്തിൽ വരുമ്പോൾ ശക്തമായ കാറ്റിലും മഴയിലുംപെട്ട് വള്ളം മറിയുകയായിരുന്നു.കോഴിക്കോട് ചോറോട് പഞ്ചായത്തിലെ കൊമ്മിണാരി പാലത്തിനുസമീപം യുവാവ് കാൽതെന്നി പുഴയിൽ വീണ് ഒഴൂക്കിൽപെട്ട് കാണാതായി. മീത്തലെ പറമ്പത്ത് വിജീഷാണ് (36) അപകടത്തിൽപ്പെട്ടത്.
ഒമ്പത് ജില്ലയ്ക്ക് അവധി
സംസ്ഥാനത്ത് ഒമ്പത് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, കോഴിക്കോട്, പാലക്കാട്, കോട്ടയം, തൃശൂർ, ഇടുക്കി, എറണാകുളം, ആലപ്പുഴ ജില്ലകളിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. എംജി സർവകലാശാല വ്യാഴാഴ്ചത്തെ പരീക്ഷകൾ മാറ്റി. പത്തനംതിട്ടയിൽ തിരുവല്ല, മല്ലപ്പള്ളി താലൂക്കിലും മലപ്പുറം പൊന്നാനി താലൂക്കിലും അവധിയുണ്ട്.
മുന്നറിയിപ്പ്
വ്യാഴാഴ്ച ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും (അതിശക്ത മഴ), പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ മഞ്ഞ അലർട്ടും (ശക്തമായ മഴ) പ്രഖ്യാപിച്ചു. വെള്ളിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മഞ്ഞ അലർട്ടുണ്ട്.