ബംഗളൂരു
രണ്ട് കിരീടങ്ങളാണ് 17 ദിവസത്തിനുള്ളിൽ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ നേട്ടം. സമീപകാലത്തെ ഏറ്റവും മികച്ച പ്രകടനം. രണ്ട് ടൂർണമെന്റുകളിൽ കളിച്ചു. ഒരു കളിയും തോറ്റില്ല. വഴങ്ങിയത് രണ്ട് ഗോൾമാത്രം. അടിച്ചത് 12 എണ്ണം. ഇഗർ സ്റ്റിമച്ചെന്ന ക്രൊയേഷ്യക്കാരന്റെ കീഴിൽ ഇന്ത്യൻ ഫുട്ബോൾ ടീം മുന്നേറുന്നതിന്റെ തെളിവുകളാണ് ഇന്റർ കോണ്ടിനെന്റൽ കപ്പും സാഫ് കപ്പും.
സാഫിൽ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനമാണ് കണ്ടത്. കുവൈത്തിനെതിരായ ഫൈനൽ കളിമികവുകൊണ്ടാണ് ശ്രദ്ധേയമായത്. ഷൂട്ടൗട്ടിൽ ഗോളി ഗുർപ്രീത്സിങ് സന്ധുവിന്റേത് ലോകോത്തര പ്രകടനമായിരുന്നു. നിശ്ചിത സമയത്തിന്റെ അവസാനഘട്ടത്തിൽ കുവൈത്തിന്റെ ഗോളെന്നുറച്ച നീക്കത്തെ ഒന്നാന്തരം ചാട്ടത്തിലൂടെയാണ് ഗുർപ്രീത് തടഞ്ഞത്.
അടുത്തമാസം 39 വയസ്സിലേക്കെത്തുന്ന സുനിൽ ഛേത്രിയുടെ ടൂർണമെന്റായിരുന്നു സാഫ്. ഹാട്രിക് ഉൾപ്പെടെ അഞ്ച് ഗോളുമായി ടോപ് സ്കോററും സാഫിലെ മികച്ചതാരവുമായി ഛേത്രി. ജൂണിൽ ഇന്റർ കോണ്ടിനെന്റൽ കപ്പ് കളിക്കാനിറങ്ങുമ്പോൾ 85 ഗോളായിരുന്നു ഇന്ത്യൻ സ്ട്രൈക്കറുടെ പട്ടിക. ഇപ്പോൾ 92. സാഫിൽ ആകെ 23 ഗോളുമായി മാലദ്വീപിന്റെ അലി അഷ്ഫാഖിന്റെ റെക്കോഡിനൊപ്പമെത്തി. മൂന്നാംതവണയാണ് സാഫിൽ മികച്ചതാരമാകുന്നത്.
ഛേത്രിക്കുപകരം ആര് എന്നതിന് പൂർണമായ ഉത്തരമായിട്ടില്ലെങ്കിലും യുവതാരങ്ങൾ ചില മിന്നുംപ്രകടനങ്ങളിലൂടെ പ്രതീക്ഷ നൽകുന്നു. ആദ്യ രാജ്യാന്തര ഗോൾ നേടിയ മഹേഷ് സിങ്, സഹൽ അബ്ദുൾ സമദ്, ഉദാന്ത സിങ്, ലല്ലിയൻസുവാല ചാങ്തെ തുടങ്ങിയ യുവതാരങ്ങൾ രണ്ട് കിരീട നേട്ടത്തിലും നിർണായക പങ്കുവഹിച്ചു. ചാങ്തെ സാഫ് ഫൈനലിലുൾപ്പെടെ മൂന്ന് ഗോളടിച്ചു. സഹലിനുപുറമെ മറ്റൊരു മലയാളിതാരം ആഷിഖ് കുരുണിയനും ശ്രദ്ധേയ പ്രകടനമാണ് പുറത്തെടുത്തത്.
പ്രതിരോധം മികച്ചതായി. ക്രൊയേഷ്യൻ ടീമിലെ സെന്റർ ബാക്കായിരുന്ന സ്റ്റിമച്ച് പ്രതിരോധത്തിൽ ഒരു വിട്ടുവീഴ്ചയും വരുത്തിയിട്ടില്ല. സന്ദേശ് ജിങ്കൻ–-അൻവർ അലി സഖ്യം പ്രതിരോധ കോട്ടയിൽ സർവസജ്ജരായി. ഫൈനലിൽ ഒരു ഗോൾ വഴങ്ങുകയും അൻവർ അലി പരിക്കേറ്റ് മടങ്ങുകയും ചെയ്ത സാഹചര്യത്തിൽ ഇന്ത്യ പതറേണ്ടതായിരുന്നു. എന്നാൽ, പകരക്കാരനായെത്തിയ മെഹ്താബ് സിങ് ഉറച്ചുനിന്നു. കുവൈത്തിന്റെ ശാരീരിക മികവിനും വേഗതയ്ക്കുംമുന്നിൽ വിറച്ചില്ല. ഏത് അവസ്ഥയിലും വാശിയോടെ പൊരുതാൻ കഴിയുന്ന സംഘമായി മാറി.
ലോങ് പാസുകൾകൊണ്ട് കളിച്ചിരുന്ന ശീലത്തിൽനിന്നാണ് സ്റ്റിമച്ച് മാറ്റം തുടങ്ങിയത്. കളിക്കാർ തമ്മിൽ കൃത്യമായ ധാരണയുണ്ടാക്കി. കുവൈത്തിനെതിരായ സമനില ഗോൾ കൂട്ടായ്മയിൽനിന്നുണ്ടായതാണ്. ഓരോ കളിക്കാരനും അതിൽ പങ്കുകൊണ്ടു. 2019ൽ എത്തിയ സ്റ്റിമച്ചിൽ ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ അർപ്പിച്ച വിശ്വാസത്തിന് പ്രതിഫലം കിട്ടിത്തുടങ്ങിയിരിക്കുന്നു. ഈ വർഷം മൂന്ന് കിരീടങ്ങൾ നേടി. സാഫിൽ രണ്ട് കിരീടങ്ങളായി.
സയ്യിദ് നയീമുദീനും സുഖ്വിന്ദർ സിങ്ങിനുംശേഷം സാഫിൽ ഒന്നിൽക്കൂടുതൽ കിരീടങ്ങൾ നേടുന്ന കോച്ചായി. ഗോളടിയിൽമാത്രമാണ് അൽപ്പം പിന്നാക്കം. അതിൽ മാറ്റമുണ്ടാകുമെന്ന് സമീപകാലത്തെ പ്രകടനങ്ങൾ തെളിയിക്കുന്നു. ഒരു മാസത്തിനിടെ 22 കളിക്കാരെയാണ് പരീക്ഷിച്ചത്. മൂന്നാംഗോൾ കീപ്പർ ഗുർമീത് സിങ്ങിനുമാത്രമാണ് ഇക്കാലയളവിൽ അവസരം കിട്ടാതിരുന്നത്.മൻവീർ സിങ്, സുരേഷ് വാങ്ജം, നവോറെം റോഷെൻ സിങ്, അപുയ, ബിപിൻ സിങ്, ശിവശക്തി നാരായണൻ, ആശിഷ് റായ് തുടങ്ങിയ യുവതാരങ്ങൾ അവസരം കാത്ത് പുറത്തുനിൽപ്പുണ്ട്. ഇക്കാലയളവിൽ ഫിഫ റാങ്ക് 99 ആയി ഉയർന്നു.