ന്യൂഡൽഹി> സാമൂഹ്യ പ്രവർത്തക ടീസ്താ സെതൽവാദിന് നൽകിയ ഇടക്കാല ജാമ്യം ജൂലൈ 19 വരെ നീട്ടി സുപ്രീംകോടതി. തനിക്ക് സ്ഥിരജാമ്യം അനുവദിക്കണമെന്ന ആവശ്യം തള്ളിയ ഗുജറാത്ത് ഹൈക്കോടതി നടപടിക്ക് എതിരെ ടീസ്ത നൽകിയ അപ്പീലിലാണ് ജസ്റ്റിസ് ഭൂഷൺ ആർ ഗവായ് അധ്യക്ഷനായ മൂന്നംഗ പ്രത്യേക ബെഞ്ചിന്റെ ഇടപെടൽ. ടീസ്തയുടെ അപ്പീലിൽ നിലപാട് അറിയിക്കാൻ നിർദേശിച്ച് ഗുജറാത്ത് സർക്കാരിന് കോടതി നോട്ടീസ് അയച്ചു. കേസ് അടുത്തതായി ജൂലൈ 19 ന് പരിഗണിക്കും. അന്ന് അപ്പീൽ തീർപ്പാക്കുമെന്നും കോടതി ബുധനാഴ്ച്ച അറിയിച്ചു.
കേസുമായി ബന്ധപ്പെട്ട ചില രേഖകൾ പരിഭാഷപ്പെടുത്താൻ സാവകാശം അനുവദിക്കണമെന്ന് ഗുജറാത്ത് സർക്കാരിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജു ആവശ്യപ്പെട്ടു. ഇതേ തുടർന്നാണ് , കേസ് പരിഗണിക്കുന്നത് അടുത്ത മാസത്തേക്ക് മാറ്റിയത്. ശനിയാഴ്ച്ചയാണ് ഗുജറാത്ത് ഹൈക്കോടതി ടീസ്തയുടെ ജാമ്യാപേക്ഷ തള്ളിയത്. ഉടൻ കീഴടങ്ങണമെന്നും നിർദേശിച്ചു. ഹൈക്കോടതി ഉത്തരവിന് എതിരെ ടീസ്ത സുപ്രീം കോടതിയെ സമീപിച്ചു. ശനിയാഴ്ച്ച തന്നെ സുപ്രീംകോടതി പ്രത്യേക സിറ്റിങ് നടത്തി അപ്പീൽ പരിഗണിച്ചു. ആദ്യം അപ്പീൽ പരിഗണിച്ച രണ്ടംഗ ബെഞ്ചിന് വിഷയത്തിൽ സമവായത്തിൽ എത്താൻ കഴിഞ്ഞില്ല. ഇതേ തുടർന്ന് മൂന്നംഗ പ്രത്യേക ബെഞ്ച് രൂപീകരിച്ചു. ഈ ബെഞ്ച് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് ടീസ്തയ്ക്ക് ഏഴു ദിവസത്തെ ജാമ്യം അനുവദിച്ചു.
ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട കേസിൽ അന്നത്തെ സംസ്ഥാന സർക്കാരിനെ അപകീർത്തിപ്പെടുത്താൻ വ്യാജ രേഖകൾ ചമച്ചെന്നാണ് ടീസ്ത ഉൾപ്പടെയുള്ളവർക്ക് എതിരായ കേസ്. ടീസ്തയ്ക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ഹാജരായി.