ന്യൂഡൽഹി
നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന തെലങ്കാനയടക്കം നാല് സംസ്ഥാനങ്ങളിൽ പ്രസിഡന്റുമാരെ മാറ്റി ബിജെപിയുടെ അഴിച്ചുപണി. തെലങ്കാനയിൽ പ്രസിഡന്റായിരുന്ന ബണ്ടി സഞ്ജയിനെ മാറ്റി പകരം കേന്ദ്ര മന്ത്രി ജി കിഷൻ റെഡ്ഡിയെ നിയമിച്ചു. ആന്ധ്രയിൽ മുൻമുഖ്യമന്ത്രി എൻ ടി രാമറാവുവിന്റെ മകൾ ഡി പുരന്ദേശ്വരിയെ പ്രസിഡന്റാക്കി.
അടുത്തിടെ കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ സുനിൽ ഝക്കറിനെ പഞ്ചാബിലും മുൻമുഖ്യമന്ത്രി ബാബുലാൽ മറാണ്ടിയെ ജാർഖണ്ഡിലും പ്രസിഡന്റാക്കി. കേരളത്തിൽ കെ സുരേന്ദ്രൻ തൽക്കാലം തുടരും. സുരേന്ദ്രനെ മാറ്റി വി മുരളീധരനെ പ്രസിഡന്റാക്കുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.
തെലങ്കാനയിൽ ബണ്ടി സഞ്ജയിനെ മാറ്റിയതിൽ സംസ്ഥാന ബിജെപിയിലെ ഒരു വിഭാഗം അതൃപ്തരാണ്. കിഷൻ റെഡ്ഡിക്ക് പകരം സഞ്ജയിനെ കേന്ദ്ര മന്ത്രിസഭയിൽ ഉൾപ്പെടുത്തിയേക്കും. ഒന്നും രണ്ടും യുപിഎ സർക്കാരുകളിൽ മന്ത്രിയായിരുന്ന പുരന്ദേശ്വരി 2014ലാണ് കോൺഗ്രസ് വിട്ട് ബിജെപിയിൽ എത്തിയത്. പിസിസി പ്രസിഡന്റായിരുന്ന സുനിൽ ഝക്കർ കഴിഞ്ഞ വർഷം ജൂലൈയിലാണ് ബിജെപിയിൽ ചേർന്നത്. കേന്ദ്ര മന്ത്രിസഭയിലും വൈകാതെ അഴിച്ചുപണിയുണ്ടാകും. മന്ത്രിമാരായ അർജുൻ റാം മഗ്വാൾ, കിരൺ റിജിജു, നിർമല സീതാരാമൻ എന്നിവർ ചൊവ്വ രാത്രി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡയുമായി ചർച്ച നടത്തി.