ന്യൂഡൽഹി
ഒരു രാജ്യത്തിന് ഒരു നിയമം എന്ന ഏക സിവിൽ കോഡിനായുള്ള വാദത്തെ സ്വയം പൊളിച്ച് ബിജെപി. ഗോത്രവിഭാഗങ്ങളെ ഏക സിവിൽ കോഡിൽനിന്ന് മാറ്റിനിർത്താമെന്നാണ് പുതിയ നിലപാട്. ‘വിവിധ സമുദായങ്ങൾക്ക് വ്യത്യസ്ത നിയമങ്ങളെന്ന ഇരട്ടസംവിധാനത്തിൽ രാജ്യത്തിന് മുന്നോട്ടുപോകാനാകില്ല. ഏക സിവിൽകോഡ് ഇന്ത്യക്ക് ആവശ്യമാണ്’–- കഴിഞ്ഞയാഴ്ച ഭോപാലിൽ ബിജെപി പ്രവർത്തക യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ടുവച്ച വാദമുഖമാണിത്.
ഒരു രാജ്യത്ത് ഒരു നിയമം എന്ന തത്വമാണ് ഏക സിവിൽ കോഡിനായി സംഘപരിവാറും മുന്നോട്ടുവയ്ക്കുന്നത്. ഭരണഘടനയുടെ 44–-ാം അനുച്ഛേദത്തിൽ ഏക സിവിൽ കോഡ് പരാമർശിക്കപ്പെടുന്നതും ആയുധമാക്കുന്നു. ന്യൂനപക്ഷങ്ങളെ, പ്രത്യേകിച്ച് മുസ്ലിം സമുദായത്തെ ലക്ഷ്യമിട്ടുള്ളതാണ് സംഘപരിവാറിന്റെ ഏക സിവിൽ കോഡ് പ്രേമമെന്ന് വ്യക്തമാക്കുന്നതാണ് പുതിയ നിലപാട്. മറ്റു സമുദായങ്ങൾക്ക് വ്യത്യസ്ത സിവിൽ നിയമങ്ങളാകുന്നതിൽ സംഘപരിവാറിന് എതിർപ്പില്ല. പാർലമെന്റിന്റെ നിയമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി യോഗത്തിലാണ് ഗോത്രവിഭാഗങ്ങളെ ഒഴിവാക്കാമെന്ന നിര്ദേശം ചെയർമാനും ബിജെപി എംപിയുമായ സുശീൽകുമാർ മോദി മുന്നോട്ടുവച്ചത്.
ഗോത്രവിഭാഗങ്ങൾക്ക് വ്യത്യസ്തമായ ആചാരരീതികളും അനുഷ്ഠാനങ്ങളും കീഴ്വഴക്കങ്ങളുമുണ്ട്. മറ്റ് സമുദായങ്ങളിൽനിന്ന് ഗോത്രവിഭാഗക്കാർ വ്യത്യസ്തരാണ്. ഭരണഘടന അവരുടെ സംരക്ഷണം ഉറപ്പുപറയുന്നുമുണ്ട്. ചില വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കേന്ദ്രനിയമങ്ങൾ അവിടത്തെ നിയമനിർമാണസഭകളുടെ അനുമതി കൂടാതെ നടപ്പാക്കാനാകില്ല.
വടക്കുകിഴക്കിലെയും മറ്റിടങ്ങളിലെയും ഗോത്രവിഭാഗങ്ങളെ ഏക സിവിൽ കോഡിൽ ഉൾപ്പെടുത്തരുത്. എല്ലാ നിയമങ്ങളിലും ചില ഒഴിവാക്കലുകളുണ്ട്–- സുശീൽകുമാർ മോദി പറഞ്ഞു. ഒരു രാജ്യത്തിന് ഒരു നിയമം എന്ന ഏക സിവിൽ കോഡിനായുള്ള ബിജെപിയുടെ വാദത്തെ സ്വയം പൊളിക്കുന്നതാണ് ഗോത്രവിഭാഗങ്ങളെ മാറ്റിനിർത്തണമെന്ന നിലപാട്. വടക്കുകിഴക്കൻ മേഖലയിൽ നിലവിലെ രാഷ്ട്രീയാധിപത്യം നിലനിർത്തുകയെന്ന ഗൂഢലക്ഷ്യം മോദിയുടെ നിലപാടിന് പിന്നിലുണ്ട്. ഇന്ത്യപോലെ വൈവിധ്യമാർന്ന രാജ്യത്ത് ഏക സിവിൽ കോഡ് നിലവിൽ സാധ്യമല്ലെന്ന തുറന്നുസമ്മതിക്കൽകൂടിയാണ് ഗോത്രവിഭാഗങ്ങളെ മാറ്റിനിർത്തണമെന്ന ആവശ്യം.