കട്ടപ്പന
കാലവർഷം ശക്തിപ്രാപിച്ചതോടെ അപൂർവ ഇനം പാതാളത്തവള(പർപ്പിൾ ഫ്രോഗ്) ഹൈറേഞ്ചിൽ പ്രത്യക്ഷപ്പെട്ടു. മേലേചിന്നാർ കൊച്ചുകരോട്ട് ജയ്മോന്റെ വീട്ടിൽ ഞായർ വൈകിട്ടാണ് തവളയെ കണ്ടത്. ആദ്യകാഴ്ചയിൽ ചെറുആമയെ പോലെ ശരീരം ഊതിവീർപ്പിച്ച പോലെയുള്ള, ഏകദേശം ഏഴ് സെന്റിമീറ്റർ നീളമുള്ള തവളയെ കാണാൻ നിരവധിപേർ എത്തുന്നുണ്ട്.
ആറുമുതൽ 12 അടിവരെ താഴ്ചയിൽ കഴിയുന്ന തവളകൾ, വർഷത്തിൽ ഒരിക്കൽ മാത്രം മൺസൂണിന് മുമ്പുള്ള മഴക്കാലത്ത് പ്രജനനത്തിന് മാത്രമേ പുറത്തുവരൂ. മണ്ണിനടിയിൽ ഇരുന്ന് മഴയുടെ അളവും ജലത്തിന്റെ അളവുമൊക്കെ പാതാളത്തവളകൾക്ക് കൃത്യമായി മനസ്സിലാക്കാമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. മുട്ടയിടാനുള്ള സാഹചര്യം മനസ്സിലാക്കി മണ്ണിനടിയിൽനിന്ന് പുറത്തുവന്ന് മുട്ടകളിടും. ഒരേസമയം നാലായിരം വരെ മുട്ടകളിടാറുണ്ട്. ഇതിനുശേഷം തിരികെ മണ്ണിനടിയിലേക്കു മടങ്ങും. 364 ദിവസവും വാസം മണ്ണിന്റെ അടിയിൽ തന്നെ. പിന്നീട് അടുത്തവർഷം മുട്ടയിടാൻ മാത്രമേ പുറത്തുവരൂ. കട്ടിയുള്ള പേശിയോട് കൂടിയ നീളം കുറഞ്ഞ മുൻകാലുകളും കൈകളുമായതിനാൽ ഒരിടത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് സഞ്ചരിക്കാൻ കഴിയില്ല. ചിതലും മണ്ണിരയും ചെറിയ പ്രാണികളുമാണ് പാതാള തവളയുടെ ഭക്ഷണം.
തമിഴ്നാട്ടിലും കാണാറുണ്ടെങ്കിലും ഇവ ഭൂരിഭാഗവും പശ്ചിമഘട്ടത്തിന്റെ കേരളത്തിലെ ഭാഗങ്ങളിലാണുള്ളത്. പാറക്കെട്ടുകളും വെള്ളച്ചാട്ടങ്ങളുമുള്ള സ്ഥലങ്ങളിലാണ് കൂടുതൽ കാണാറുള്ളത്. ഇടുക്കി ജില്ലയിൽ മുണ്ടക്കയത്തും പെരിയാർ കടുവ സങ്കേതത്തിലും പാതാളത്തവളകളെ കണ്ടെത്തിയിട്ടുണ്ട്.
ലോക ഉഭയജീവി ഭൂപടത്തിൽ കേരളത്തിന് പ്രത്യേക സ്ഥാനം നേടിക്കൊടുത്ത പാതാളത്തവളകൾക്ക് മഹാബലിത്തവളയെന്നും പന്നികളുടേതുപോലെ മൂക്ക് ഉള്ളതിനാൽ ചിലയിടങ്ങളിൽ പന്നിമൂക്കൻ തവളയെന്നുമൊക്കെ വിളിപ്പേരുകളുണ്ട്. ‘പർപ്പിൾ ഫ്രോഗ്’ എന്നും അറിയപ്പെടുന്നു. ‘നാസിക ബട്രക്കസ് സഹ്യാദ്രെൻസിസ്’ എന്നാണ് ശാസ്ത്രീയ നാമം. സംസ്ഥാനത്തിന്റെ ഔദ്യോഗിക ഉഭയജീവിയായി പ്രഖ്യാപിക്കാൻ ശുപാർശയുണ്ടായത് സർക്കാർ തള്ളിയിരുന്നു. മണ്ണിനടിയിൽ മാത്രം കാണപ്പെടുന്നതിനാലാണ് തീരുമാനം വനംവകുപ്പ് മരവിപ്പിച്ചത്.