ന്യൂഡൽഹി
അതിർത്തികടന്നുള്ള തീവ്രവാദത്തിനെതിരായി ഷാങ്ഹായ് സഹകരണ സംഘ (എസ്സിഒ) രാജ്യങ്ങൾ നിലപാട് സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. ഓൺലൈനിൽ ചേർന്ന ഉച്ചകോടിയുടെ ആതിഥേയരാഷ്ട്രമാണ് ഇന്ത്യ. തീവ്രവാദം, ഭീകരപ്രവർത്തനം, വിഘടനവാദം എന്നിവ ഒരുപോലെ എതിർക്കണമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെറീഫ് ആവശ്യപ്പെട്ടു.
ആഭ്യന്തര രാഷ്ട്രീയ അജൻഡയുടെ ഭാഗമായി മതന്യൂനപക്ഷങ്ങളെ വിപത്തായി ചിത്രീകരിക്കരുതെന്നും അദ്ദേഹം പറഞ്ഞു. മേഖലയിൽ സമാധാനവും സുരക്ഷയും ഉറപ്പാക്കാനുള്ള നടപടികളിലേക്ക് നീങ്ങണമെന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് പറഞ്ഞു. ഇന്ത്യ–- ചൈന അതിർത്തിസംഘർഷത്തെ കുറിച്ച് മോദിയോ ഷീയോ പരാമർശം നടത്തിയില്ല.
പാശ്ചാത്യരാജ്യങ്ങളുടെ ഉപരോധത്തെ ധീരമായി ചെറുക്കുമെന്നും ഉപരോധം റഷ്യയെ കൂടുതൽ കരുത്തരാക്കിയെന്നും പ്രസിഡന്റ് വ്ലാദിമിർ പുടിൻ പറഞ്ഞു. ബെലാറൂസ് അംഗരാജ്യമാകാൻ അപേക്ഷ നൽകിയതിനെ പുടിൻ സ്വാഗതം ചെയ്തു. ഇതുവരെ നിരീക്ഷകസ്ഥാനത്തായിരുന്ന ഇറാന് എസ്സിഒയിൽ അംഗത്വം നൽകി. ഇതോടെ ആകെ അംഗരാജ്യങ്ങൾ ഒമ്പതായി.