ന്യൂഡൽഹി
തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയുടെ അറസ്റ്റ് ചോദ്യംചെയ്ത് ഭാര്യ നൽകിയ ഹേബിയസ് കോർപസ് ഹർജിയിൽ ഉടൻ തീരുമാനമെടുക്കാൻ മദ്രാസ് ഹൈക്കോടതിക്ക് സുപ്രീംകോടതി നിർദേശം. സെന്തിൽ ബാലാജിയുടെ അറസ്റ്റ് അന്യായത്തടങ്കലായി കണക്കാക്കാമോയെന്ന കാര്യത്തിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിലെ ജഡ്ജിമാർക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ട്. ഈ സാഹചര്യത്തിൽ, ഹർജി എത്രയുംവേഗം വിശാല ബെഞ്ചിന് വിടാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് സുപ്രീംകോടതി നിര്‍ദേശിച്ചു.
ഹേബിയസ് കോർപസ് ഹര്‍ജിയില്‍ ഹൈക്കോടതി ഉത്തരവുകൾക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് (ഇഡി) സുപ്രീംകോടതിയെ സമീപിച്ചത്. ഹര്‍ജിയിലെ ഉന്നയിച്ച നിയമപരമായ പ്രശ്നങ്ങൾ പരിശോധിക്കണമെന്ന ഇഡിയുടെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല. ഈ വിഷയത്തിൽ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചശേഷമേ ഇടപെടാൻ സാധിക്കൂവെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, ദീപാങ്കർദത്ത എന്നിവർ അംഗങ്ങളായ ബെഞ്ച് വ്യക്തമാക്കി.