ന്യൂഡൽഹി
മണിപ്പുരിൽ ഇന്ത്യൻ റിസർവ് ബറ്റാലിയന്റെ ആയുധസംഭരണ കേന്ദ്രം ആക്രമിക്കാനെത്തിയവര്ക്കുനേരെ സുരക്ഷാസേന നടത്തിയ വെടിവയ്പിൽ യുവാവ് കൊല്ലപ്പെട്ടു. തലയ്ക്ക് വെടിയേറ്റ അബ്ജം (27) ആണ് മരിച്ചത്. രണ്ടുമാസമായി കലാപം തുടരുന്ന മണിപ്പൂരില്‍ ഇരുനൂറോളം പേരാണ് കൊല്ലപ്പെട്ടത്.
മെയ്ത്തീ ഭൂരിപക്ഷ ജില്ലയായ തൗബാലിലാണ് ഏറ്റവും ഒടുവില്‍ വെടിവെയ്പ്പുണ്ടായത്. ആയുധങ്ങൾ ആശ്യപ്പെട്ട് ജനക്കൂട്ടം ബറ്റാലിയൻ ക്യാമ്പിലേക്ക് ഇരച്ചുകയറുകയായിരുന്നു. ഇവരുമായി അധികൃതർ ചർച്ച നടത്തവേ ആയിരങ്ങൾ ക്യാമ്പ് വളഞ്ഞു. അക്രമം തുടങ്ങിയതോടെയാണ് വെടിയുതിർത്തതെന്ന് സൈന്യം അറിയിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. പിന്നാലെ ഇംഫാലിലേക്കുള്ള പ്രധാന പാതകൾ ഉപരോധിച്ചു.
ഇതിനിടെ ദേശീയപാത ഉപരോധം അവസാനിപ്പിച്ചുള്ള പ്രസ്താവനയിൽ ഒപ്പുവച്ച കുക്കി നാഷണൽ ഓർഗനൈസേഷൻ (കെഎൻഒ) വക്താവ് ഡോ. സെയ്ലെൻ ഹാക്കിപ്പിന്റെ വീട് ജനക്കൂട്ടം കത്തിച്ചു. അമിത് ഷായുമായുള്ള ചർച്ചയെ തുടർന്ന് യുണൈറ്റഡ് പീപ്പിൾസ് ഫ്രണ്ടും (യുപിഎഫ്) കെഎൻഒയും ഞായറാഴ്ചയാണ് ഉപരോധം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്.
കുക്കികളുടെ ഉന്നത സംഘടനയായ കുക്കി ഇൻപി മണിപ്പുർ (കിം), തദ്ദേശീയ ട്രൈബൽ ലീഡേഴ്സ് ഫോറം (ഐടിഎൽഎഫ്) എന്നിവർ ഉപരോധം അവസാനിപ്പിച്ചത് അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് വീട് കത്തിച്ചത്.സംഘർഷം രൂക്ഷമായ ചുരാചന്ദ്പുർ, കാങ്പോപ്പി, ഇംഫാൽ വെസ്റ്റ്, ഈസ്റ്റ്, ബിഷ്ണുപുർ ജില്ലകളിൽ അധിക സൈനിക വിന്യാസം പ്രഖ്യാപിച്ച മുഖ്യമന്ത്രി എൻ ബീരേൻസിങ് അനധികൃത ബങ്കറുകൾ തകർക്കാൻ ഉത്തരവിട്ടു.