ന്യൂഡൽഹി
മഹാരാഷ്ട്രയിൽ എംഎൽഎമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കാൻ സ്പീക്കർക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ശിവസേന ഉദ്ധവ്താക്കറെ പക്ഷം സുപ്രീംകോടതിയിൽ. അജിത്പവാറും എട്ട് എംഎൽഎമാരും എൻസിപി പിളർത്തി എൻഡിഎ ക്യാമ്പിൽ എത്തിയതിനു പിന്നാലെയാണ് ഉദ്ധവ് പക്ഷത്തെ എംഎൽഎ സുനിൽപ്രഭു സുപ്രീംകോടതിയെ സമീപിച്ചത്.
നേരത്തേ, ഏകനാഥ് ഷിൻഡെ പക്ഷത്തെ എംഎൽഎമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ഉദ്ധവ് പക്ഷം സ്പീക്കർക്ക് അപേക്ഷ നൽകിയിരുന്നു. ശിവസേന പിളർത്തി ഷിൻഡെ പക്ഷം ബിജെപിയുമായി കൈകോർത്ത് സർക്കാർ രൂപീകരിച്ചതിന് പിന്നാലെയായിരുന്നു നീക്കം. എന്നാൽ, യഥാർഥ ശിവസേന തങ്ങളാണെന്ന് അവകാശപ്പെടുന്ന ഷിൻഡെ പക്ഷം ഉദ്ധവ് പക്ഷത്തെ എംഎൽഎമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കറെ സമീപിച്ചു. മൊത്തം അയോഗ്യതാ അപേക്ഷകളിലും ഉടൻ തീരുമാനമെടുക്കണമെന്ന് സ്പീക്കർക്ക് നിർദേശം നൽകണമെന്ന ആവശ്യവുമായാണ് ഉദ്ധവ് പക്ഷം ഇപ്പോൾ സുപ്രീംകോടതിയെ സമീപിച്ചത്.