കൊച്ചി
പൊലീസ് ലുക്ക് ഔട്ട് സർക്കുലർ ഇറക്കിയതോടെ മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയ സംസ്ഥാനം വിട്ടതായി സൂചന. ഷാജൻ പുണെയിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് സംഘം അവിടേക്ക് തിരിച്ചു. ഷാജന് കേരളത്തിനു പുറത്തുള്ള ബന്ധങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്. മൊബൈൽഫോൺ ഒഴിവാക്കിയാണ് സഞ്ചാരമെന്നും അന്വേഷകസംഘം കണ്ടെത്തി.
മറുനാടൻ മലയാളി ചാനലിന്റെ പട്ടത്തെ ഹെഡ് ഓഫീസിൽ അന്വേഷകസംഘം നടത്തിയ പരിശോധനയിൽ പിടിച്ചെടുത്ത കംപ്യൂട്ടറുകൾ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ ചൊവ്വ രാവിലെ കൊച്ചിയിലെത്തിച്ചു. 20 കംപ്യൂട്ടറുകളും നാല് ലാപ്ടോപ്പും നാലു കാമറയും ഏഴ് മെമ്മറി കാർഡും ഒരു മൊബൈൽഫോണുമാണ് വിദഗ്ധപരിശോധനയ്ക്കായി എത്തിച്ചത്. ഇതിലെ ഡിജിറ്റൽ തെളിവുകൾ കേസിൽ നിർണായകമാകുമെന്നാണ് സൂചന.
ഷാജനായി എല്ലാ വിമാനത്താവളങ്ങളിലും ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാനവ്യാപകമായി തിരച്ചിൽ ഊർജിതമാക്കി. പട്ടികജാതി–-വർഗ അതിക്രമം തടയൽ നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങൾ നിലനിൽക്കുമെന്നതിനാൽ ഷാജന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. പി വി ശ്രീനിജിൻ എംഎൽഎക്കെതിരെ വ്യാജവാർത്ത നൽകൽ, പട്ടികജാതി അതിക്രമം തടയൽ, ഇന്ത്യൻ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകൾ എന്നിവപ്രകാരമാണ് കേസെടുത്തത്.
ഇഡി വീണ്ടും നോട്ടീസ് അയക്കും
ഷാജൻ സ്കറിയക്ക് വീണ്ടും നോട്ടീസ് അയക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) തീരുമാനം. ഒളിവിലുള്ള ഷാജൻ ഇഡിയുടെ ആദ്യ നോട്ടീസ് കൈപ്പറ്റിയിട്ടില്ല. കോട്ടയത്തെ വീട്ടുവിലാസത്തിലാണ് ഇഡി നോട്ടീസ് അയച്ചത്.
വിദേശനാണ്യ വിനിമയ നിയന്ത്രണ ചട്ടപ്രകാരം (ഫെമ) കൊച്ചി ഇഡി ഓഫീസിൽ ജൂൺ 29ന് ഹാജരാകാനായിരുന്നു നോട്ടീസ്.
ഷാജന്റെ സ്വത്തുക്കളുടെയും 10 വർഷത്തെ ആദായനികുതി അടച്ചതിന്റെയും 10 വർഷത്തെ ബാലൻസ് ഷീറ്റും സഹിതം ഹാജരാകാനാണ് ഇഡി ആവശ്യപ്പെട്ടത്.