ന്യൂഡൽഹി
മഹാരാഷ്ട്രയിൽ എൻസിപി പിളർത്തി എൻഡിഎ മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയായ അജിത് പവാറിന് എതിരെയുള്ളത് നിരവധി കേസുകൾ. മഹാരാഷ്ട്ര സംസ്ഥാന സഹകരണബാങ്ക് അനുവദിച്ച വായ്പകളിൽ ക്രമക്കേടുണ്ടെന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ സാമ്പത്തിക കുറ്റകൃത്യ അന്വേഷണവിഭാഗമാണ് കേസെടുത്തത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) പിന്നീട് കേസെടുത്തു. ശിവസേന–- എൻസിപി–- കോൺഗ്രസ് സർക്കാർ അധികാരമേറ്റതോടെ കേസ് അവസാനിപ്പിക്കാൻ നീക്കം നടത്തിയിരുന്നു. സർക്കാർ വീണതോടെ അന്വേഷണം വീണ്ടും സജീവമായി.
ഏപ്രിലിൽ കുറ്റപത്രവും സമർപ്പിച്ചു.
കോൺഗ്രസ്–- എൻസിപി സർക്കാരിൽ അജിത് ജലസേചനമന്ത്രിയായിരുന്നപ്പോൾ ചില ജലസേചന പദ്ധതികളുടെ മറവിൽ വലിയ ക്രമക്കേടുകളുണ്ടായെന്ന കേസുമുണ്ട്. അഴിമതിവിരുദ്ധ വിഭാഗം കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം തുടങ്ങി. 2019ൽ ദേവേന്ദ്ര ഫഡ്നാവിസുമായി ചേർന്ന് അജിത് സർക്കാർ രൂപീകരിച്ചപ്പോൾ കേസ് അവസാനിപ്പിക്കാമെന്ന് അന്വേഷണ ഏജൻസി റിപ്പോർട്ട് നൽകി. കോടതി ഇനിയും ആ റിപ്പോർട്ട് അംഗീകരിച്ചിട്ടില്ല. ഷിൻഡെ സർക്കാർ വന്നതോടെ അന്വേഷണം പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമായിരുന്നു.
കോലാപ്പുരിൽനിന്നുള്ള ഹസ്സൻ മുഷ്റഫിനെതിരെ പഞ്ചസാരമിൽ നടത്തിപ്പുമായി ബന്ധപ്പെട്ട കേസിൽ ഇഡി റെയ്ഡ് നടത്തിയിരുന്നു. ഛഗൻ ബുജ്ബാൽ പൊതുമരാമത്ത് മന്ത്രിയായിരുന്നപ്പോൾ നൽകിയ ചില കരാറുകളുടെ പേരിലും കേസുണ്ട്. മുംബൈ സർവകലാശാലയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട മറ്റൊരു കേസ് കോടതി പരിഗണനയിലാണ്. അദ്ദേഹത്തിന് എതിരെ ഇഡി കേസുമുണ്ട്.















