തലശേരി
അരിയിൽ ഷുക്കൂർ കൊലക്കേസിൽ സിപിഐ എം നേതാക്കളെ കുടുക്കാൻ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പൊലീസിനെ വിരട്ടിയെന്ന ബി ആർ എം ഷെഫീറിന്റെ വെളിപ്പെടുത്തൽ വിവാദമായപ്പോൾ നൽകിയ വിശദീകരണവും പൊളിഞ്ഞു. പാനൂരിലെ യൂത്ത്ലീഗ് പ്രവർത്തകൻ പുല്ലൂക്കരയിലെ പാറാൽ മൻസൂർ കേസിൽ എഫ്ഐആർ ഇട്ടില്ലെന്നും പ്രതികളെ പിടിക്കാൻ സ്റ്റേഷനിൽ പ്രതിഷേധം നടത്തിയതാണ് ഉദ്ദേശിച്ചതെന്നും വിശദീകരിച്ചാണ് കെപിസിസി സെക്രട്ടറി വെട്ടിലായി. മൻസൂർ സംഘർഷത്തിനിടെ മരിച്ച കേസിൽ അക്രമം നടന്നയുടൻ ചൊക്ലി പൊലീസ് എഫ്ഐആറിട്ട് കേസെടുത്തതാണ്. ഒരാഴ്ചക്കകം മുഴുവൻ പ്രതികളെയും അറസ്റ്റുചെയ്തു.
ഇക്കാര്യങ്ങളെല്ലാം സമർഥമായി മൂടിവച്ചാണ് ഷെഫീർ കെപിസിസി പ്രസിഡന്റിനെ വെള്ളപൂശാൻ പുതിയകഥ ഇറക്കിയത്. ‘‘പാനൂരിലെ യൂത്ത്ലീഗ് നേതാവ് മൻസൂർ കൊല്ലപ്പെട്ട കേസിൽ എഫ്ഐആർ ഇട്ടില്ല, പ്രതികളെ പിടിച്ചില്ല. കെ സുധാകരന്റെ നേതൃത്വത്തിൽ സ്റ്റേഷന് മുന്നിൽ പ്രകടനവും പ്രതിഷേധവും ബഹളവുമുണ്ടായി. പൊലീസ് സ്റ്റേഷന് മുന്നിൽപോയി പൊലീസിനെ വിരട്ടി പ്രതികളെ അറസ്റ്റുചെയ്യിച്ചതാണ് പറയാൻ ഉദ്ദേശിച്ചത്’–- ഇതായിരുന്നു സ്വകാര്യചാനലിന് നൽകിയ ഷെഫീറിന്റെ പ്രതികരണം. കൊല്ലപ്പെട്ട മൻസൂറിന്റെ ബാപ്പയുടെ അനുജൻ പാറാൽ റഫീഖിന്റെ പരാതിയിൽ ചൊക്ലി പൊലീസ് ചാർജ് ചെയ്ത എഫ്ഐആർ ഈ കഥ പൊളിക്കുന്നതാണ്. സ്റ്റേഷന് മുന്നിൽ ഒരു ഷോയും കെ സുധാകരൻ നടത്തിയിട്ടുമില്ല.
നിയമസഭാ തെരഞ്ഞെടുപ്പ് ദിവസമുണ്ടായ സംഘർഷത്തിനിടെ സ്ഫോടനത്തിൽ പരിക്കേറ്റ പുല്ലൂക്കരയിലെ മൻസൂർ രക്തംവാർന്ന് 2021 ഏപ്രിൽ ഏഴിനാണ് മരിച്ചത്.
സംഭവത്തെതുടർന്ന് സൈബർ വിചാരണക്ക് ഇരയായ പുല്ലൂക്കരയിലെ കൂലോത്ത് രതീഷ് കേസിൽപ്പെട്ടതിന്റെ മനോവിഷമത്തിൽ ആത്മഹത്യചെയ്തിരുന്നു. രതീഷിനെ സിപിഐ എം കൊന്ന് കെട്ടിത്തൂക്കിയതാണെന്ന് പ്രചരിപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പിന് വഴിതേടിയും സുധാകരൻ ഇവിടെയെത്തിയിരുന്നു.
വെളിപ്പെടുത്തൽ ഗൗരവതരം
|
തിരുവനന്തപുരം
അരിയിൽ ഷുക്കൂർ വധക്കേസിൽ പി ജയരാജനെയും ടി വി രാജേഷിനെയും പ്രതിയാക്കാൻ കെ സുധാകരൻ പൊലീസിനെ വിരട്ടിയെന്ന കെപിസിസി സെക്രട്ടറിയുടെ വെളിപ്പെടുത്തൽ ഗൗരവതരമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കള്ളക്കേസെടുക്കാൻ പൊലീസിനെ വിരട്ടിയെന്നും സിബിഐ ഏറ്റെടുക്കാൻ സുധാകരൻ സമ്മർദം ചെലുത്തിയെന്നുമാണ് കെപിസിസി സെക്രട്ടറി കണ്ണൂരിൽ പ്രസംഗിച്ചത്. ഇത് ഗൗരവമായി കാണണമെന്നും അദ്ദേഹം പറഞ്ഞു.















