മാവേലിക്കര
കലാപത്തീയണയാത്ത ജന്മനാടിന്റെ ദുരവസ്ഥ പങ്കുവച്ച് മണിപ്പുർ സ്വദേശിയായ എൻജിനിയറിങ് വിദ്യാർഥി. മണിപ്പുരിൽ കഴിയുന്ന മാതാപിതാക്കളെയും സഹോദരങ്ങളെയുംകുറിച്ചുള്ള ആശങ്കയിലാണ് ഓരോ ദിവസവും തള്ളിനീക്കുന്നത്. ‘എപ്പോൾ വേണമെങ്കിലും വർഗീയവാദികൾ അവിടെയെത്താം’–- നാട്ടിലെ ഗുരുതര സാഹചര്യം ദേശാഭിമാനിയോട് പങ്കുവയ്ക്കുമ്പോൾ കാനിംബം സ്റ്റെഫാന്റെ കണ്ണുകളിൽ ഭീതി നിറഞ്ഞു. മണിപ്പുരിലെ തൗബൽ ജില്ലക്കാരനായ സ്റ്റെഫാൻ കോട്ടയം പാമ്പാടി ആർഐടി എൻജിനിയറിങ് കോളേജിൽനിന്നാണ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിങ് ബിരുദം പൂർത്തിയാക്കിയത്. തെക്കേക്കര കുറത്തികാട്ടെ സുഹൃത്തിന്റെ വീട്ടിലാണ് സ്റ്റെഫാൻ ഇപ്പോഴുള്ളത്.
‘എന്റെ നാട് കത്തുകയാണ്. എന്നിട്ടും പ്രധാനമന്ത്രിയുടെ മൗനം, കലാപങ്ങൾക്ക് മൗനസമ്മതം നൽകുന്നതാണ്.’ അമിത്ഷാ വന്നുപോയിട്ടും ഫലമുണ്ടായില്ല. ഇപ്പോഴും വെടിവയ്പ് തുടരുകയാണ്. കേന്ദ്രസർക്കാരിൽനിന്ന് ഒരു ആശ്വാസ നടപടിയുമില്ല. വളരെ ശാന്തമായ സ്ഥലമായിരുന്നു. ഞങ്ങൾക്ക് സമാധാനം തിരികെ വേണം. ഇന്റർനെറ്റ് നിരോധിച്ചിരിക്കുകയാണ്. ബന്ധുക്കളെ കാണാൻ മണിപ്പുരിലേക്ക് പോകണമെന്നുണ്ടെങ്കിലും ഭയംകാരണം വീട്ടുകാർ സമ്മതിക്കുന്നില്ല–- സ്റ്റെഫാൻ പറഞ്ഞു. കാനിംബം സരത് സിങ്ങിന്റെയും മൊയിരാങ്തം ബിനാകുമാരിയുടെയും മകനാണ്. ഒരു സഹോദരനും മൂന്ന് സഹോദരിമാരുമുണ്ട്.