ബ്രസീലിയ
അധികാര ദുർവിനിയോഗം നടത്തുകയും രാജ്യത്തെ ഇലക്ട്രോണിക് വോട്ടിങ് സമ്പ്രദായത്തെ സംശയനിഴലിലാക്കുകയും ചെയ്തതായി കണ്ടെത്തിയതിനെ തുടർന്ന് ബ്രസീൽ മുൻ പ്രസിഡന്റ് ജെയ്ർ ബോൾസനാരോയെ എട്ടുവർഷത്തേക്ക് അയോഗ്യനാക്കി. തെരഞ്ഞെടുപ്പ് കേസുകൾ പരിഗണിക്കുന്ന പരമോന്നത കോടതിയാണ് 2030 വരെ ഇദ്ദേഹത്തിന്റെ എല്ലാ രാഷ്ട്രീയ അവകാശങ്ങളും എടുത്തുകളയാൻ തീരുമാനിച്ചത്.
മുൻ പ്രസിഡന്റിനെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് അയോഗ്യനാക്കുന്നത് ബ്രസീൽ ചരിത്രത്തിൽ ആദ്യം. 2024ലും 2028ലും രാജ്യത്ത് മുനിസിപ്പൽ തെരഞ്ഞെടുപ്പും 2026ൽ പൊതുതെരഞ്ഞെടുപ്പും നടക്കാനിരിക്കുകയാണ്. ബ്രസീൽ തെരുവുകളിലും സമൂഹമാധ്യമങ്ങളിലും ബോൾസനാരോയെ അയോഗ്യനാക്കിയതിനെ തുടർന്നുള്ള ആഘോഷം ഇരമ്പുകയാണ്.