സലാല > മസ്കത്ത് സലാല റോഡിൽ വാഹനാപകടം. മാഹി പെരിങ്ങാടി സ്വദേശി പുതിയപുരയിൽ മുഹമ്മദ് അഫ്ലഹ് ( 39) ആണ് മരിച്ചത്. സഹോദരൻ മിസ്ബാഹ് (38) പരിക്കുകളോടെ സലാല സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ ഐസിയുവിൽ ചികിത്സയിലാണ്. ശനിയാഴ്ച രാത്രി പന്ത്രണ്ട് മണിക്കാണ് അപകടം. സലാലയിൽ നിന്ന് മടങ്ങി പോവുകയായിരുന്ന ഇവരുടെ വാഹനം തുംറൈത്തിൽ നിന്ന് 80 കിലോമീറ്റർ അകലെ കിറ്റ്പിറ്റിനടുത്ത് വെച്ച് ഒട്ടകത്തെ ഇടിക്കുകയായിരുന്നു.
ഖത്തറിൽ നിന്ന് ഈദാഘോഷിക്കൻ എത്തിയതാണ് മിസ്ബാഹും കുടുംബവും. മസ്കത്തിലുള്ള സഹോദരൻ മുഹമ്മദ് അഫ്ലഹിനെയും കൂട്ടിയാണ് ഇവർ സലാലയിലെത്തിയത്. എട്ട് വയസ്സുള്ള മുഹമ്മദ് ആസിലും, മുഹമ്മദ് അഫ്താഹും സുരക്ഷിതരാണ്. സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മ്യതദേഹം നിയമനടപടികൾ പൂർത്തീകരിച്ച് നാട്ടിൽ കൊണ്ട് പോകുമെന്ന് ബന്ധുക്കൾ അറിയിച്ചു. ജി സി സി രാജ്യങ്ങളിൽ നിന്ന് റോഡ് മാർഗവും വിമാനത്തിലും നിരവധി സന്ദർശകരാണ് ദിനവും സലാലയിൽ എത്തുന്നത്. ടൂറിസ്റ്റുകളുടെ വരവ് വർദ്ധിക്കും എന്നതിനാൽ അധികൃതരും പോലീസും അനുബന്ധ വകുപ്പുകളും നിരവധി സുരക്ഷ മുന്നറിയിപ്പുകളും വേഗ പരിധിയും പരിശോധനയും വിപുലമായ ക്രമീകരണങ്ങളും മേഖലയിൽ നടത്തിയിട്ടുണ്ട്. ദിവസങ്ങൾക്കു മുൻപ് ഉണ്ടായ വാഹനാപകടത്തിൽ നാല് ഇന്ത്യക്കാരടക്കം ആറ് പേർ മരണപ്പെട്ടിരുന്നു.