മക്ക > ഈ വർഷത്തെ ഹജ്ജ് കർമ്മത്തിന് നൂറ്റിഅറുപത് രാജ്യങ്ങളിൽ നിന്നായി ഇരുപതു ലക്ഷത്തോളം തീർത്ഥാടകരാണ് അറഫാ സംഗമത്തിൽ പങ്കെടുത്തത്. കേരളത്തിൽ നിന്നും സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി പതിനൊന്നായിരത്തിലേറെ തീർഥാടകർ ഹജ്ജിനായി എത്തിയിട്ടുണ്ട്. തീർത്ഥാടകരെ സഹായിക്കുന്നതിനായി പല സംഘടനകളുടെയും വോളണ്ടിയർമാർ ഉണ്ട്. അറഫ, മുസ്തലിഫ,മിനായിലും ഹാജിമാർ താമസിക്കുന്ന അസീസിയയിലുമെല്ലാം ജിദ്ദ നവോദയ സന്നദ്ധ പ്രവർത്തകരും സജീവമായിരുന്നു.
മിനായിലെ തമ്പുകളിൽ ഹാജിമാർക്ക് കഞ്ഞി വിതരണം ചെയ്യുന്നതിലും പ്രായമായ നടക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് വീൽ ചെയറിൽ ജംറകളിൽ കല്ലേറ് നിർവഹിച്ച് തിരിച്ച് അവരുടെ ടെന്റുകളിൽ എത്തിക്കുന്നതിലും വോളണ്ടിയർമാരുടെ സേവനം സജീവമായിരുന്നു. തീർത്ഥാടകർ താമസിക്കുന്ന അസീസിയയിലേക്കുള്ള വഴിയിൽ വെള്ളവും, ഫ്രൂട്ട്സും വിതരണം ചെയ്തും വഴിതെറ്റുന്ന ഹാജിമാർക്ക് വഴികാട്ടിയും വിവിധ പോയിന്റുകളിലായി വോളണ്ടിയർമാരെ നിർത്തിയിരുന്നു. ഹജ്ജ് കർമ്മത്തിന്റെ അവസാന ഭാഗമായിട്ടുള്ള കഹ്ബ പ്രദക്ഷിണം പൂർത്തീകരിക്കാൻ ബുദ്ധിമുട്ടുന്ന ആളുകൾക്ക് വീൽ ചെയർ സൗകര്യം ഉപയോഗിച്ച് പൂർത്തീകരിക്കാൻ നവോദയ പ്രവർത്തകർ ടീം വർക്കായി രംഗത്തുണ്ട്.
ഹജ്ജ് വെൽഫെയർ ഫോറത്തിന്റെ കീഴിലും നവോദയ വോളണ്ടിയർമാർ സേവനം ചെയ്യുന്നുണ്ട്. ഇനിയുള്ള ദിവസങ്ങളിൽ ഹാജിമാർ താമസിക്കുന്ന അസീസിയയിൽ കഞ്ഞിയും മറ്റു ഭക്ഷണ സാധനങ്ങളും അവസാനത്തെ ഹാജിയും പോകുന്നത് വരെയും തുടരും. ഹാജിമാർ തിരിച്ച് പോകുന്ന സമയത്ത് അവരെ യാത്രയാക്കാനും അവരുടെ ലഗേജുകൾ വണ്ടിയിൽ കയറ്റി സഹായിക്കാനും നവോദയയുടെ പ്രവർത്തകർ സജീവമായി ഉണ്ടാകുമെന്നും നവോദയ ഹജ്ജ് സെൽ ചെയർമാൻ ശിഹാബുദ്ദീൻ കോഴിക്കോട്, കൺവീനർ മുഹമ്മദ് മേലാറ്റൂർ എന്നിവർ അറിയിച്ചു.