അബുദാബി > അന്ധകാര ജഡിലമായിരുന്ന മലയാള മണ്ണിനെ ഉഴുതുമറിച്ച് പുരോഗതിക്ക് ഉപയുക്തമാക്കിത്തീർത്ത കഥാപ്രസംഗം, അറിവിന്റേയും തിരിച്ചറിവിന്റേയും മഹത്വമുള്ള കലയാണെന്ന് പ്രശസ്ത കാഥികനും പുരോഗമന കഥാപ്രസംഗ കലാ സംഘടനയുടെ സംസ്ഥാന വൈസ് പ്രസിസണ്ടുമായ ഇടക്കൊച്ചി സലിംകുമാർ അഭിപ്രായപ്പെട്ടു. കഥാപ്രസംഗത്തിന്റെ നൂറാം വാര്ഷികാഘോഷങ്ങളിൽ പങ്ക് ചേർന്നുകൊണ്ട് ശക്തി തിയറ്റേഴ്സ് അബുദാബിയുടെ വേദിയിൽ കഥാപ്രസംഗം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൂർവ്വ സൂരികളായ കാഥികരെല്ലാം പണ്ഡിതരും സംഗീതജ്ഞരും കലാ പ്രാവീണ്യമുള്ളവരുമായിരുന്നു. വിഷയ വൈവിധ്യങ്ങളുടെ നിലവറകളായിരുന്നു അവർ. അനർഗ്ഗളമായ വാഗ്പ്രവാഹവും സംഗീത ഹാസ്യ വിമർശന സന്നിവേശവും കൊണ്ട് നിസ്വവർഗ്ഗത്തിന്റെ ഹൃദയങ്ങളിൽ അവർ കൂടുകെട്ടി. പണ്ഡിതപാമരദേദമെന്യേ പൊതുസമൂഹം ഈ കലയെ നെഞ്ചിലേറ്റി. അങ്ങിനെ ഫ്യൂഡൽ ജന്മിത്വവും, നാടുവാഴിത്തവും, അടിമത്തവും, നാട്ടിൽ നടമാടിയിരുന്ന അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളുമെല്ലാം ഇല്ലാതാക്കുവാൻ അരയും തലയും മുറുക്കി ജനങ്ങളെ പ്രാപ്തരാക്കാൻ ആദ്യകാല കഥാപ്രസംഗങ്ങൾക്ക് കഴിഞ്ഞിരുന്നു. കേരള സംഗീത നാടക അക്കാദമിയുടെ പ്രഥമ കലാശ്രീ പുരസ്കാരജേതാവ് കൂടിയായ സലിംകുമാർ തുടർന്ന് പറഞ്ഞു.
സാംബശിവനും കെടാമംഗലം സദാനന്ദനും സജീവമായിരുന്ന കാലത്ത് എഴുന്നൂറ്റി എൺപത്തിലേറെ കാഥികർ നമുക്കുണ്ടായിരുന്നു. ഇന്ന് ആ സ്ഥാനത്ത് 25 കാഥികരെപ്പോലും തികച്ച് എണ്ണാനാവില്ല. മൃതപ്രായമായികിടക്കുന്ന കഥാപ്രസംഗകലയെ തിരിച്ചുകൊണ്ടുവരുവാൻ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് സ്കോളർഷിപ്പ് ഉൾപ്പെടെ പലവിധങ്ങളായ ഇടപെടലുകൾ നടക്കുന്നുണ്ടെങ്കിലും പൊതുസമൂഹത്തിന്റെ കൂട്ടായ ഇടപെടലുകളിലൂടെമാത്രമേ ഇത്തരം കലാരൂപങ്ങളെ പൂർവ്വശക്തിയോടെ തിരിച്ചുകൊണ്ടുവരുവാൻ കഴിയൂ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിഹാസസമാനമായ ജീവിതാനുഭവങ്ങളിലൂടെ കടന്നുപോയ പ്രശസ്ത നാടകനടി ‘നിലമ്പൂർ ആയിഷ’യുടെ ജീവിതത്തെ ആസ്പദമാക്കി അവതരിപ്പിച്ച ‘ആയിഷ വയലാറിന്റെയല്ല’ എന്ന കഥാപ്രസംഗം ശക്തി തിയറ്റേഴ്സിന്റെ വേദിയിൽ അവതരിപ്പിച്ചു. എം എസ്. പ്രകാശൻ (ഹാർമോണിയം), സുഭാഷ് ഇരിങ്ങാലക്കുട (തബല), നൗഷാദ് ചാവക്കാട് (കീബോർഡ്), സുനിൽ ഒറ്റപ്പാലം (റിഥം) എന്നിവർ കഥാപ്രസംഗത്തിനു പശ്ചാത്തലസംഗീതമൊരുക്കി.
കഥാപ്രസംഗത്തോടനുബന്ധിച്ച് ശക്തി ആക്ടിങ്ങ് പ്രസിഡന്റ് ഗോവിന്ദൻ നമ്പൂതിരിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനം കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് എ. കെ. ബീരാൻകുട്ടി ഉദ്ഘാടനം ചെയ്തു. പ്രശസ്ത നടനും തിരക്കഥാകൃത്തും ചലച്ചിത്ര സംവിധായകനുമായ ശരത് കോവിലകം ആശംസകൾ നേർന്നു. എഴുത്തുകാരനും, വിദ്യാഭ്യാസ വിചക്ഷണനും സാമൂഹികപ്രവർത്തകനുമായിരുന്ന പി ചിത്രൻ നമ്പൂതിരിപ്പാടിന്റെ വേർപാടിൽ അനുശോചിച്ചുകൊണ്ടാണ് സാംസ്കാരിക സമ്മേളനം ആരംഭിച്ചത്. ശക്തി കായികവിഭാഗം സെക്രട്ടറി അജി കുമാർ അനുശോചനപ്രമേയം അവതരിപ്പിച്ചു.
ചടങ്ങിൽ ശക്തി ജനറൽ സെക്രട്ടറി സഫറുള്ള പാലപ്പെട്ടി, രക്ഷാധികാരി കമ്മിറ്റി അംഗം അഡ്വ. അൻസാരി സൈനുദ്ദീൻ, ഹാരിസ് സിഎംപി, അൻവർ ബാബു, നാഷ പത്തനാപുരം, ബിജു തുണ്ടിയിൽ എന്നിവർ സംബന്ധിച്ചു. തുടർന്ന് ശക്തി മ്യൂസിക് ക്ലബ്ബ് അവതരിപ്പിച്ച ഗാനമേളയ്ക്ക് റോഷ്നി സൂസൻ ഫിലിപ്പോസ് നേതൃത്വം നൽകി.