ന്യൂഡൽഹി
തക്കാളിവില പിടിച്ചുനിർത്താൻ രണ്ടാഴ്ചയെങ്കിലും വേണ്ടിവരുമെന്ന് കേന്ദ്രസർക്കാർ. പതിനഞ്ച് ദിവസമെങ്കിലും വില താഴാൻ എടുക്കുമെന്നും അതിനുശേഷം തക്കാളിയുടെ വരവ് കൂടുന്നതോടെ വില താഴുമെന്നും കേന്ദ്ര ഉപഭോക്തൃ സെക്രട്ടറി രോഹിത് കുമാർ സിങ് പറഞ്ഞു. തക്കാളിയടക്കമുള്ള പച്ചക്കറികൾക്ക് വൻ വിലക്കയറ്റം രാജ്യത്ത് അനുഭവപ്പെടുന്നത് തുടരുകയാണ്.
മധ്യപ്രദേശിലെ ബുർഹാൻപുർ കാർഷിക കമ്പോളത്തിൽ ഒരു കിലോ തക്കാളിക്ക് 150 രൂപയിൽ തുടരുമ്പോൾ ജമ്മുവിൽ ഒരു കിലോയ്ക്ക് 120 രൂപയാണ്. ഇവിടെ ഇഞ്ചി കിലോയ്ക്ക് നാനൂറ് രൂപ പിന്നിട്ടു. ഗുജറാത്തിലും തക്കാളി വില നൂറിനു മുകളിലാണ്. ഡൽഹിയിൽ തക്കാളി 120 രൂപയ്ക്കും ഇഞ്ചി 320 രൂപയ്ക്കുമാണ് വിൽക്കുന്നത്. ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ വിളനാശമുണ്ടായതാണ് വില കുതിക്കാൻ കാരണമെന്ന് ആസാദ് മാർക്കറ്റിലെ വ്യാപാരികൾ പറഞ്ഞു. അതേസമയം ഉപഭോക്തൃ മന്ത്രാലയത്തിന്റെ ജൂൺ മുപ്പതുവരെയുള്ള കണക്കനുസരിച്ച് രാജ്യത്തെ ശരാശരി തക്കാളിവില 56.58 രൂപയെന്നാണ് അവകാശവാദം.
‘തക്കാളി കേക്ക്’ മുറിച്ച് പ്രതിഷേധം
സമാജ്വാദി പാർടി തലവൻ അഖിലേഷ് യാദവിന്റെ ജന്മദിനമായ ജൂലൈ ഒന്നിന് തക്കാളിയുടെ രൂപത്തിലുള്ള കേക്ക് മുറിച്ച് പ്രവർത്തകർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയിലായിരുന്നു പ്രതിഷേധ രൂപത്തിൽ കേക്ക് മുറിച്ചത്. പ്രവർത്തകർ സൗജന്യ തക്കാളി വിതരണവും നടത്തി.
വില കുറയ്ക്കാൻ ടൊമാറ്റോ ചലഞ്ച്
തക്കാളി വില കുറയ്ക്കാൻ പൊതുജനങ്ങൾക്ക് നിർദേശം നൽകാമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ‘ടൊമാറ്റോ ഗ്രാൻഡ് ചലഞ്ച്’ എന്ന് പേരിട്ട ഉദ്യമത്തിൽ അധ്യാപകർ, ഗവേഷണ വിദ്യാർഥികൾ, വ്യവസായികൾ, സ്റ്റാർട്ടപ്പുകൾ, എംഎസ്എംഇകൾ, പ്രൊഫഷണലുകൾ തുടങ്ങിയവർക്ക് പങ്കെടുക്കാം. https://doca.gov.in/gtc/index.php മികച്ച ആശയം തെരഞ്ഞെടുക്കും. വില പിടിച്ചുനിർത്താൻ കേന്ദ്രസർക്കാർ ഇടപെടുന്നില്ലെന്ന വിമർശം ശക്തമായിരിക്കേയാണ് വിചിത്ര ചലഞ്ച്.