പാരീസ്
ഫ്രാൻസിൽ പതിനേഴുകാരനെ പൊലീസുകാരൻ വെടിവച്ച് കൊന്നതിനെത്തുടർന്നുള്ള കലാപത്തിൽ നാലാം ദിവസം ആയിരത്തിമുന്നൂറിലധികം പേരെ അറസ്റ്റ് ചെയ്തു. പലയിടത്തും പ്രതിഷേധക്കാർ പൊലീസുമായി ഏറ്റുമുട്ടി. കഴിഞ്ഞദിവസംമാത്രം 2500ൽ അധികം ഇടത്ത് പ്രക്ഷോഭകർ തീയിട്ടു. കൊല്ലപ്പെട്ട പതിനേഴുകാരൻ നായ്ലിന്റെ സംസ്കാര ചടങ്ങുകൾ പാരീസിന്റെ പ്രാന്തപ്രദേശമായ നാന്റെയറിൽ നടന്നു. ചടങ്ങിൽ വൻ ജനക്കൂട്ടം പങ്കെടുത്തതായാണ് വിവരം.
അക്രമങ്ങൾ തടയുന്നതിനായി രാജ്യത്തുടനീളം 45,000 പൊലീസുകാരെ വിന്യസിച്ചു. രാജ്യത്ത് വലിയ കലാപം നടക്കുന്നതിനിടയിൽ കഴിഞ്ഞദിവസം പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ സംഗീത പരിപാടിയിൽ പങ്കെടുത്ത ദൃശ്യങ്ങൾ പുറത്തുവന്നതോടെ രൂക്ഷ വിമർശങ്ങൾ ഉയർന്നിരുന്നു. അതിനുപിന്നാലെ, നേരത്തെ പ്രഖ്യാപിച്ച ജർമനി സന്ദർശനം മാക്രോൺ റദ്ദാക്കി.
കലാപം പടരാൻ വഴിയൊരുക്കിയത് ടിക്ടോക്, സ്നാപ്ചാറ്റ് തുടങ്ങിയ സമൂഹമാധ്യമങ്ങളാണെന്ന് മാക്രോൺ കുറ്റപ്പെടുത്തി. സമൂഹമാധ്യമങ്ങളുടെ ഓഫീസുകളിൽ വീണ്ടും പരിശോധന നടക്കുന്നുണ്ട്. കലാപം വിലാപത്തിനും അനുരഞ്ജനത്തിനും വഴിമാറണമെന്ന് ഫ്രാൻസിന്റെ ദേശീയ ഫുട്ബോൾ ടീം ക്യാപ്റ്റൻ കിലിയൻ എംബാപ്പെ ആഹ്വാനംചെയ്തു. ചൊവ്വാഴ്ചയാണ് പാരീസ് നാന്റെയർ സ്വദേശിയായ നായ്ലിനെ ട്രാഫിക് പരിശോധനയ്ക്കിടെ പൊലീസുകാരൻ വെടിവച്ച് കൊന്നത്. തുടർന്ന് ആരംഭിച്ച പ്രതിഷേധമാണ് രാജ്യത്താകെ കലാപമായി മാറിയത്.