ന്യൂഡൽഹി
കലാപകലുഷിതമായ മണിപ്പുരിലെ സ്ഥിതി ഏഴ്–-പത്ത് ദിവസത്തിനുള്ളിൽ മെച്ചപ്പെടുമെന്ന അവകാശവാദവുമായി അസം മുഖ്യമന്ത്രിയും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ എൻഡിഎ കോ–-ഓർഡിനേറ്ററുമായ ഹിമന്ദ ബിശ്വസർമ. കേന്ദ്ര–-സംസ്ഥാന സർക്കാരുകൾ സമാധാനം പുനഃസ്ഥാപിക്കാൻ നിശ്ശബ്ദ പ്രവർത്തനം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
കടുത്ത വിമർശം ഏറ്റുവാങ്ങിയ മണിപ്പുർ മുഖ്യമന്ത്രി എൻ ബിരേൺ സിങ്ങ് രാജി നാടകം നടത്തിയതിനു പിന്നാലെയാണ് അസം മുഖ്യമന്ത്രിയുടെ പ്രതികരണം. അതിനിടെ രാഹുലിന്റെ സന്ദർശനത്തെച്ചൊല്ലിയും മണിപ്പുർ ബിജെപിയിൽ കലഹമായി. രാഹുലിന്റെ സന്ദർശനത്തെ ബിജെപി മണിപ്പുർ പ്രസിഡന്റ് ശാരദാ ദേവി പരസ്യമായി സ്വാഗതം ചെയ്തു. തൊട്ടുപിന്നാലെ കേന്ദ്രനേതൃത്വം രാഹുൽ നടത്തിയത് ഫോട്ടോഷൂട്ടാണെന്ന് പ്രതികരിച്ചു. ബിജെപിയുടെ ഐടി സെൽ തലവൻ അമിത് മാളവ്യയും രാഹുലിന്റെ സന്ദർശനത്തെ വിമർശിച്ചു.
അതേസമയം, വീണ്ടും ആക്രമണം പൊട്ടിപ്പുറപ്പെട്ട ഇംഫാൽ താഴ്വരയിൽ സൈന്യത്തെ പുനക്രമീകരിക്കാൻ തീരുമാനിച്ചു. ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ വിവിധ സേനകളെ നിയോഗിക്കുന്നതിനു പകരം ഒരു ജില്ലയുടെ സുരക്ഷ മൊത്തമായി ഒരു സേനയ്ക്ക് നൽകാനാണ് തീരുമാനം.