ന്യൂഡൽഹി
മാതൃസ്ഥാപനമായ ഹൗസിങ് ഡെവലപ്മെന്റ് ഫിനാൻസ് കോർപറേഷനെ ഏറ്റെടുത്തതോടെ എച്ച്ഡിഎഫ്സി ബാങ്ക് ലോകത്തിലെ നാലാമത്തെ ബാങ്കിങ് സ്ഥാപനമായി വളർന്നു. ഭവനവായ്പാ കമ്പനിയായ ഹൗസിങ് ഡെവലപ്മെന്റ് ഫിനാൻസ് കോർപറേഷനെ ഏറ്റെടുക്കാൻ 2022 ഏപ്രിൽ നാലിനാണ് എച്ച്ഡിഎഫ്സി ബാങ്ക് തീരുമാനിച്ചത്. ശനിയാഴ്ചയോടെ ലയനപ്രക്രിയ പൂർത്തിയായി.
ലയനത്തോടെ ഇന്ത്യൻ ബാങ്കുകളായ എസ്ബിഐയെയും ഐസിഐസിഐയെയും മറികടന്നു. ആഗോള കോർപറേറ്റുകളായ സിറ്റി ഗ്രൂപ്പും എച്ച്എസ്ബിസിയും എച്ച്ഡിഎഫ്സിക്കു പിന്നിലാണ്. ജെപി മോർഗൻ ചേസ്, ഇൻഡസ്ട്രിയൽ ആൻഡ് കൊമേഴ്സ്യൽ ബാങ്ക് ഓഫ് ചൈന, ബാങ്ക് ഓഫ് അമേരിക്ക എന്നീ ബാങ്കിങ് സ്ഥാപനങ്ങൾ മാത്രമാണ് എച്ച്ഡിഎഫ്സിക്ക് മുന്നിലുള്ളത്.
ലയനത്തോടെ സ്ഥാപനത്തിന്റെ ആകെ ആസ്തി 18 ലക്ഷം കോടി രൂപയായി. 12 കോടിയാണ് ബാങ്കിന്റെ ആകെ ഉപയോക്താക്കൾ. 8300 ശാഖ. 1,77,000 ജീവനക്കാർ. 41 ലക്ഷം കോടിയാണ് ആകെ ബിസിനസ്. കഴിഞ്ഞ സാമ്പത്തികവർഷം രണ്ട് സ്ഥാപനത്തിന്റെയും കൂട്ടായ ലാഭം അറുപതിനായിരം കോടി രൂപയാണ്.