ന്യൂഡൽഹി
കുട്ടികൾ രണ്ടിൽ കൂടുതലായാൽ സർക്കാർ ജോലിയും മറ്റ് ആനുകൂല്യങ്ങളും നിഷേധിക്കണമെന്ന ശുപാർശയുമായി ഉത്തരാഖണ്ഡിലെ ഏക സിവിൽ കോഡ് കരട് തയ്യാറാക്കൽ സമിതി. ദത്തെടുക്കൽ, വിവാഹമോചനം എന്നിവയിൽ എല്ലാ മതവിഭാഗങ്ങൾക്കും ഒരേ മാനദണ്ഡം, ‘ലിവിങ് ടുഗതർ’ ബന്ധങ്ങൾ തുടങ്ങുമ്പോഴും അവസാനിപ്പിക്കുമ്പോഴും കൃത്യമായ അറിയിപ്പ് തുടങ്ങിയ വ്യവസ്ഥകളും ബിജെപി സർക്കാർ നിയോഗിച്ച സമിതി തയ്യാറാക്കിയ കരടിലുണ്ട്. പെൺകുട്ടികളുടെ വിവാഹപ്രായം 21 ആയി ഉയർത്താനും ശുപാർശയുണ്ട്.
ജൂലൈ അവസാനത്തോടെ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കുമെന്ന് അഞ്ചംഗ സമിതിയുടെ അധ്യക്ഷ സുപ്രീംകോടതി മുൻ ജഡ്ജി രഞ്ജന പ്രകാശ് ദേശായ് അറിയിച്ചു. ഈ കരടുബിൽ കേന്ദ്രം മാതൃകയാക്കുമെന്ന റിപ്പോർട്ടുകളുമുണ്ട്. ജനസംഖ്യാ നിയന്ത്രണം ലക്ഷ്യമിട്ടാണ് സർക്കാർ ജോലി നിഷേധിക്കണമെന്ന നിർദേശം. രാഷ്ട്രീയ പാർടികളുടെയും മറ്റും അഭിപ്രായം തേടിയിരുന്നതായി ജസ്റ്റിസ് രഞ്ജന പറഞ്ഞു. തിടുക്കത്തിലുള്ള നീക്കത്തോട് സിപിഐ എം വിയോജിച്ചു. ബിജെപിയും മറ്റും അനുകൂലിച്ചു. എന്നാൽ, കോൺഗ്രസ് അഭിപ്രായം അറിയിച്ചില്ല. ഉത്തരാഖണ്ഡിൽ കോൺഗ്രസിൽ വലിയൊരു വിഭാഗം ഏക സിവിൽ കോഡിന് അനുകൂലമാണ്.















