ന്യൂഡൽഹി
രാജ്യത്ത് ഏക സിവിൽ കോഡ് അടിച്ചേൽപ്പിക്കാനുള്ള മോദി സർക്കാരിന്റെ നീക്കത്തെ തുറന്നെതിർക്കാതെ കോൺഗ്രസ്. അനുകൂലിച്ചും എതിർത്തും നേതാക്കൾ രംഗത്തെത്തിയതോടെ ഏക സിവിൽ കോഡ് വിഷയത്തിൽ കോൺഗ്രസിലെ ഭിന്നത രൂക്ഷമായി. ഓരോ സംസ്ഥാനത്തെയും നേതാക്കൾ പരസ്പര വിരുദ്ധമായി അഭിപ്രായം പറയുമ്പോഴും ദേശീയ നേതൃത്വത്തിന് നിലപാട് വ്യക്തമാക്കാനാകുന്നില്ല.
ഹിമാചലിൽ മുൻ മുഖ്യമന്ത്രി വീരഭദ്ര സിങ്ങിന്റെ മകനും സംസ്ഥാനമന്ത്രിയുമായ വിക്രമാദിത്യ സിങ് ഏക സിവിൽ കോഡിന് പൂർണ പിന്തുണ പ്രഖ്യാപിച്ച് രംഗത്തുവന്നു. ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഏക സിവിൽ കോഡ് അനിവാര്യമാണെന്ന് വിക്രമാദിത്യ സിങ് ട്വിറ്ററിൽ കുറിച്ചു. മഹാരാഷ്ട്രയിൽ ഏക സിവിൽ കോഡിനെക്കുറിച്ച് പഠിക്കാൻ പിസിസി പ്രത്യേക സമിതിക്ക് രൂപം നൽകി. ഏക സിവിൽ കോഡ് വിഷയത്തിൽ ആശയക്കുഴപ്പം നിലനിൽക്കുന്നതിനാലാണ് ഒമ്പതംഗ സമിതിയെ വച്ചതെന്ന് പിസിസി പ്രസിഡന്റ് നാനാ പഠോളെ പറഞ്ഞു.
അതേസമയം ശനിയാഴ്ച സോണിയ ഗാന്ധിയുടെ വസതിയിൽ ചേർന്ന കോൺഗ്രസിന്റെ പാർലമെന്ററി സ്ട്രാറ്റജി ഗ്രൂപ്പ് യോഗം നിലപാട് എടുക്കാതെ പിരിഞ്ഞു. ഏക സിവിൽ കോഡ് വിഷയത്തിൽ ജൂൺ 15ന് പുറപ്പെടുവിച്ച പ്രസ്താവനയിൽ കൂടുതലായി ഒന്നും പറയാനില്ലെന്ന് കോൺഗ്രസ് മാധ്യമവിഭാഗം തലവൻ ജയ്റാം രമേശ് യോഗശേഷം പറഞ്ഞു. മോദി സർക്കാരിന്റെ ഏക സിവിൽ കോഡ് നീക്കം ധ്രുവീകരണവും മറ്റു വിഷയങ്ങളിൽനിന്ന് ശ്രദ്ധതിരിക്കലും ലക്ഷ്യമിട്ടാണെന്ന് മാത്രമാണ് ജൂൺ 15ന് കോൺഗ്രസ് പ്രസ്താവിച്ചത്.
കഴിഞ്ഞ രണ്ട് ലോക്സഭാ തോൽവിയോടെ മൃദുഹിന്ദുത്വ സമീപനം തീവ്രമാക്കിയ കോൺഗ്രസ് നേതൃത്വം ഏക സിവിൽ കോഡ് വിഷയത്തിൽ പല തട്ടിലാണ്. പി ചിദംബരം, മനീഷ് തിവാരി തുടങ്ങിയ നേതാക്കൾ ഏക സിവിൽ കോഡ് നീക്കത്തെ ശക്തമായി അപലപിച്ചിരുന്നു. എന്നാൽ, മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയുമടക്കം മറ്റ് മുതിർന്ന നേതാക്കളെല്ലാം മൗനത്തിലാണ്.















