ന്യൂഡൽഹി
പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ഡൽഹി സർവകലാശാലയുടെ ശതാബ്ദി ആഘോഷങ്ങളുടെ സമാപനചടങ്ങിൽ കറുത്ത വസ്ത്രം ധരിച്ച് എത്തരുതെന്ന് വിദ്യാർഥികൾക്ക് നിർദേശം. ശതാബ്ദി ആഘോഷങ്ങളുടെ സമാപനചടങ്ങിൽ പങ്കെടുക്കാൻ വെള്ളിയാഴ്ചയാണ് മോദി ഡൽഹി സർവകലാശാല ക്യാമ്പസിൽ എത്തുന്നത്. ചടങ്ങിൽ നിർബന്ധമായും പങ്കെടുക്കണമെന്നാണ് വിദ്യാർഥികൾക്കുള്ള നിർദേശം. ആർക്കും അവധി അനുവദിക്കില്ല.
ഡൽഹി സർവകലാശാലയ്ക്കു കീഴിലുള്ള ഹിന്ദു കോളേജ്, ബി ആർ അംബേദ്കർ കോളേജ്, സാക്കിർ ഹുസൈൻ കോളേജ് തുടങ്ങിയ കോളേജുകളാണ് വസ്ത്രധാരണത്തിലടക്കം വിദ്യാർഥികൾക്ക് കർശന നിർദേശം നൽകിയിട്ടുള്ളത്. ഡൽഹി സർവകലാശാലയുടെ നിർദേശങ്ങൾ വിദ്യാർഥികളെ അറിയിക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നാണ് കോളേജ് അധികൃതരുടെ വിശദീകരണം. വസ്ത്രധാരണത്തിൽ അടക്കം നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിൽ വിദ്യാർഥികൾ പ്രതിഷേധത്തിലാണ്.