മനാമ
സൗദി തുറമുഖ നഗരമായ ജിദ്ദയിൽ യുഎസ് കോൺസുലേറ്റിനു സമീപം വെടിവയ്പിൽ രണ്ടു പേർ കൊല്ലപ്പെട്ടു. നേപ്പാൾ സ്വദേശിയായ സുരക്ഷാ ജീവനക്കാരനും വെടിയുതിർത്ത അക്രമിയുമാണ് കൊല്ലപ്പെട്ടത്. സൗദി, അമേരിക്കൻ ഉദ്യോഗസ്ഥർ സംഭവം സ്ഥിരീകരിച്ചു. യുഎസ് കോൺസുലേറ്റിനു സമീപം കാർ നിർത്തി തോക്കുമായി പുറത്തിറങ്ങിയ അക്രമി വെടിയുതിർക്കുകയായിരുന്നെന്ന് മക്ക മേഖലാ പൊലീസ് വക്താവ് പറഞ്ഞു.
സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഇയാൾ കൊല്ലപ്പെട്ടു. അക്രമിയുടെ വെടിയേറ്റ കോൺസുലേറ്റിന്റെ സ്വകാര്യ സുരക്ഷാ ജീവനക്കാരൻ പിന്നീട് മരിച്ചു.
പൗരന്മാർക്ക് പരിക്കേറ്റിട്ടില്ലെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി. കോൺസുലേറ്റ് അടച്ചു. 2016ൽ ജിദ്ദയിൽ അമേരിക്കൻ കോൺസുലേറ്റിനു സമീപം ചാവേർ ബോംബ് സ്ഫോടനത്തിൽ ചാവേർ കൊല്ലപ്പെടുകയും രണ്ടു സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തു. 2004ൽ കോൺസുലേറ്റിനുനേരെ അൽ ഖായ്ദ നടത്തിയ ഭീകരാക്രമണത്തിൽ തദ്ദേശീയരായ അഞ്ചു ജീവനക്കാരടക്കം ഒമ്പതു പേർ കൊല്ലപ്പെട്ടു.