ന്യൂഡൽഹി
ബിജെപിക്കെതിരായ വോട്ടുകൾ ഭിന്നിക്കുന്നത് പരമാവധി ഒഴിവാക്കാനുള്ള സംവിധാനം സൃഷ്ടിക്കാൻ പ്രതിപക്ഷ പാർടികൾ സംസ്ഥാന തലത്തിൽ ചർച്ച തുടങ്ങണമെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളിൽ പ്രതിപക്ഷ പാർടികൾ അഖിലേന്ത്യ അടിസ്ഥാനത്തിൽ പ്രചാരണവും, ജനജീവിതം ദുരിതപൂർണമാകുന്ന നയങ്ങൾക്കെതിരെ യോജിച്ച പ്രതിഷേധങ്ങളും സംഘടിപ്പിക്കണം. രാജ്യത്തിന്റെ മതനിരപേക്ഷ ജനാധിപത്യ സ്വഭാവം കാത്തുസൂക്ഷിക്കാൻ പ്രതിപക്ഷ പാർടികൾ സഹകരിക്കേണ്ടത് അനിവാര്യമാണെന്ന് കഴിഞ്ഞദിവസം പട്നയിൽ ബിഹാർ മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ സിപിഐ എം ആവശ്യപ്പെട്ടെന്നും യെച്ചൂരി പറഞ്ഞു. രണ്ടു ദിവസമായി എ കെ ജി ഭവനിൽ ചേർന്ന പൊളിറ്റ് ബ്യൂറോ യോഗ തീരുമാനങ്ങൾ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപിയെ തോൽപ്പിക്കാൻ വേണ്ട സംവിധാനം ഓരോ സംസ്ഥാനത്തും വ്യത്യസ്തമാണ്. എൽഡിഎഫും യുഡിഎഫും നേരിട്ട് മത്സരിക്കുന്ന കേരളത്തിൽ ബിജെപിക്ക് തീരെ വിജയസാധ്യതയില്ല. തമിഴ്നാട്ടിൽ ഡിഎംകെ നേതൃത്വത്തിൽ ശക്തമായ ബിജെപിവിരുദ്ധ മുന്നണിയുണ്ട്. മഹാരാഷ്ട്രയിൽ മഹാവികാസ് സഖ്യമാണ് ബിജെപിയെ നേരിടുന്നത്. മറ്റു ചില സംസ്ഥാനങ്ങളിലും ബിജെപിക്കെതിരായ സഖ്യമുണ്ട്. ഇതുപോലെ എല്ലായിടത്തും സംസ്ഥാനതല സഖ്യങ്ങളോ ധാരണയോ ഉണ്ടാകണം. ബദൽ സർക്കാർ രൂപീകരണം തെരഞ്ഞെടുപ്പിനുശേഷം ഉണ്ടാകേണ്ടതാണ്. അങ്ങനെ സംഭവിച്ചിട്ടുള്ളതാണ് രാജ്യത്തിന്റെ അനുഭവം. 2004ൽ ലോക്സഭയിലേക്ക് ജയിച്ചുവന്ന 64 ഇടതുപക്ഷ എംപിമാരിൽ 57 പേരും കോൺഗ്രസ് സ്ഥാനാർഥികളെയാണ് തോൽപ്പിച്ചത്. എന്നാൽ, മൻമോഹൻ സിങ് സർക്കാരിന് ഇടതുപക്ഷം പിന്തുണ നൽകി. അല്ലെങ്കിൽ ആ സർക്കാർ ഉണ്ടാകുമായിരുന്നില്ല–- യെച്ചൂരി വിശദീകരിച്ചു.
മണിപ്പുരിൽ ബിജെപി പരാജയം
ഏഴാഴ്ചയായി തുടരുന്ന മണിപ്പുർ വംശീയകലാപം നിയന്ത്രിക്കുന്നതിൽ ബിജെപി ‘ഇരട്ട എൻജിൻ’ സർക്കാർ പൂർണമായും പരാജയപ്പെട്ടു. പ്രധാനമന്ത്രി മണിപ്പുർ വിഷയത്തിൽ ഒന്നും പറയാത്തത് ഞെട്ടിപ്പിക്കുന്നു. കലാപത്തിൽ പങ്കുവഹിക്കുകയും സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിൽ പരാജയപ്പെടുകയും ചെയ്ത ബിരേൻ സിങ് സർക്കാരിനെ പുറത്താക്കണം. സമാധാനം ഉടൻ പുനഃസ്ഥാപിക്കണം. ‘ഇന്നത്തെ സാഹചര്യത്തിൽ ഏകീകൃത സിവിൽ കോഡ് അത്യാവശ്യമോ അഭിലഷണീയമോ അല്ല’ എന്ന നിഗമനത്തിൽ നിയമ കമീഷൻ 2018ൽ എത്തിയിരുന്നു. ഇതിനെ സിപിഐ എം പൂർണമായും അംഗീകരിക്കുന്നു. ഏകീകരണം സമത്വത്തിന് തുല്യമാകില്ല. എല്ലാ സമുദായങ്ങളിലെയും സ്ത്രീകൾക്ക് തുല്യ അവകാശം നൽകണമെന്ന് വാദിച്ചുവരുന്ന പാർടിയാണ് സിപിഐ എം. വിവിധ സമുദായങ്ങളിലെ സ്ത്രീ–- പുരുഷന്മാരുടെ ജനാധിപത്യപരമായ സജീവ പങ്കാളിത്തത്തോടെ വ്യക്തിനിയമങ്ങളും നടപ്പുനിയമങ്ങളും പരിഷ്കരിച്ചാണ് ഇക്കാര്യത്തിൽ മുന്നോട്ടുപോകേണ്ടത്–- യെച്ചൂരി പറഞ്ഞു.