മലപ്പുറം
യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ പെരിന്തൽമണ്ണ ജയിലിൽ റിമാൻഡിലായ നിർമൽ മാധവ്, യുഡിഎഫ് സർക്കാർ അനധികൃതമായി എൻജിനിയറിങ് കോളേജിൽ പ്രവേശനം നൽകിയതിലൂടെ വിവാദ നായകനായ വ്യക്തി. നിർമൽ മാധവിന്റെ അനധികൃത പ്രവേശനത്തിനെതിരെ കോഴിക്കോട് വെസ്റ്റ്ഹിൽ ഗവ. എൻജിനിയറിങ് കോളേജിൽ സമരംചെയ്ത വിദ്യാർഥികൾക്കുനേരെ 2011 ഒക്ടോബർ 10ന് പൊലീസ് വെടിയുതിർത്തത് വൻ വിവാദമായിരുന്നു. എടപ്പറ്റ ഏപ്പിക്കാട് കുണ്ടംചോലയിലെ പാറമ്മൽ മുഹമ്മദാലി (41)യെയാണ് ശനി പകൽ രണ്ടരയോടെ ആലപ്പുഴ തൃക്കുന്നപ്പുഴ മംഗലം മാധവ മന്ദിരത്തിൽ നിർമൽ മാധവ് (32), അടക്കമുള്ള സംഘം ഗൂഡല്ലൂരിലേക്ക് തട്ടിക്കൊണ്ടുപോയത്.
ക്വട്ടേഷൻ നൽകിയ പോരൂർ തൊടികപ്പുലം സ്വദേശി പുല്ലാണിപ്പൂങ്കയിൽ ഷാ മസൂദ് (35) , സംഘത്തിലുണ്ടായിരുന്ന പതിയാങ്ങര അനീസ് മൻസിലിൽ അനീസ് വഹാബ് (33), മുസ്ലിം യൂത്ത് ലീഗ് നേതാവായ കാളികാവ് വെള്ളയൂർ തൊടികപ്പുലം നീലങ്ങാടൻ ജാഫർ (42), മുട്ടത്തിൽ ഉണ്ണി ജമാൽ (33) എന്നിവരെയും അറസ്റ്റ് ചെയ്തു.
നിർമൽ മാധവിന്റെ കുടുംബം അങ്ങാടിപ്പുറത്ത് താമസമുണ്ടെന്നാണ് പൊലീസ് പറയുന്നത്. നിർമലും ഷാ മസൂദുമായി ഇടപാടുണ്ട്. അങ്ങനെയാണ് മുഹമ്മദലിയുമായുള്ള പ്രശ്നത്തിൽ നിർമലിനെയും മറ്റും ഇടപെടുവിക്കുന്നത്. പ്രതികളെ കസ്റ്റഡിയിൽ കിട്ടാൻ മേലാറ്റൂർ പൊലീസ് പെരിന്തൽമണ്ണ കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്.
നിരവധി കേസിൽ പ്രതിയും പിടികിട്ടാപ്പുള്ളിയുമാണ് നിർമൽ മാധവ് എന്ന് പൊലീസ് പറഞ്ഞു. അമ്മയ്ക്കെതിരെ സമൂഹമാധ്യമങ്ങളിൽ അശ്ലീല പ്രചാരണം നടത്തിയതിന് കോഴിക്കോട് നടക്കാവ് പൊലീസ് ഇയാൾക്കും വനിത സുഹൃത്തിനുമെതിരെ 2015ൽ കേസെടുത്തിരുന്നു. അധ്യാപികകൂടിയായ അമ്മയാണ് പരാതി നൽകിയത്. തൃശൂർ ജില്ലയിലെ ചെറുതുരുത്തി പൊലീസ് സ്റ്റേഷനിലും നിർമലിനെതിരെ കേസുണ്ട്. പൊലീസ് സ്റ്റേഷനിലും നിർമലിനെതിരെ കേസുണ്ട്.
കോൺഗ്രസിന്റെയും
മാധ്യമങ്ങളുടെയും പൊന്നോമന
യുവാവിനെ തട്ടിക്കൊണ്ടുപോയതിന് അറസ്റ്റിലായ ക്വട്ടേഷൻ സംഘത്തലവൻ നിർമൽ മാധവൻ കോൺഗ്രസിന്റെയും വലതുപക്ഷ മാധ്യമങ്ങളുടെയും പ്രിയപുത്രൻ.
ആലപ്പുഴയിലെ കോൺഗ്രസ് നേതാവിന്റെ ബന്ധുവായ നിർമലിന്, 2011ൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പ്രത്യേക ഉത്തരവിറക്കിയാണ് കോഴിക്കോട് വെസ്റ്റ്ഹിൽ ഗവ. എൻജിനിയറിങ് കോളേജിൽ സീറ്റ് നൽകിയത്. അതിനെതിരെ സമരംചെയ്ത എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകരെ പൊലീസ് വേട്ടയാടി. സമരംചെയ്ത വിദ്യാർഥികൾക്കു നേരെ വെടിയുതിർക്കാൻപോലും മുതിർന്നു. അനധികൃത കോളേജ് മാറ്റത്തെ വെള്ളപൂശാൻ മലയാള മനോരമ ഉൾപ്പെടെ വലതുപക്ഷ മാധ്യമങ്ങൾ നിറംപിടിപ്പിച്ച നുണകൾ മെനഞ്ഞു.
കലിക്കറ്റ് സർവകലാശാലയുടെ നിയന്ത്രണത്തിലുള്ള സ്വാശ്രയ എൻജിനിയറിങ് കോളേജിൽ പ്രവേശനം നേടിയ നിർമൽ മൂന്നാം സെമസ്റ്ററിൽ പഠനം ഉപേക്ഷിച്ചു. പിന്നീട് ആലപ്പുഴയിലെ സ്വാശ്രയ കോളേജിൽ ഒന്നാം സെമസ്റ്റിൽ പ്രവേശനം നേടി. അവിടെയും രണ്ടാം സെമസ്റ്ററിൽ പഠനം ഉപേക്ഷിച്ചു. തുടർന്നാണ് മുഖ്യമന്ത്രി ഇടപെട്ട് ഗവ. എൻജിനിയറിങ് കോളേജിൽ അഞ്ചാം സെമസ്റ്റിൽ നേരിട്ട് പ്രവേശനം തരപ്പെടുത്തിയത്. ഇതിനുവേണ്ടി പൊതുവിദ്യാഭ്യാസ സെക്രട്ടറി പ്രത്യേക ഉത്തരവ് ഇറക്കുകയായിരുന്നു. മൂന്ന്, നാല് സെമസ്റ്റർ പരീക്ഷ എഴുതാത്ത നിർമലിന് ഈ സെമസ്റ്ററുകളിലെ ഇന്റേണൽ, എക്സ്റ്റേണൽ പരീക്ഷകൾ പ്രത്യേകമായി നടത്തണമെന്ന വിചിത്ര ഉത്തരവും ഇറക്കി. സർക്കാർ പൊതുപ്രവേശന പരീക്ഷയിൽ 1819 റാങ്ക് നേടിയ വിദ്യാർഥിയായിരുന്ന ആ വർഷം മെറിറ്റിൽ ഏറ്റവും അവസാനമായി പ്രവേശനം നേടിയത്. അവിടെയാണ് 22,787–ാം റാങ്കുകാരനായ നിർമലിന് സീറ്റ് നൽകിയത്. ഇതിനെതിരെ കോളേജിലേക്ക് മാർച്ച് നടത്തിയ എസ്എഫ്ഐ പ്രവർത്തകർക്കുനേരെ അന്നത്തെ ഡിവൈഎസ്പി രാധാകൃഷ്ണപ്പിള്ള വെടിയുതിർത്തു. നേതാക്കളെ കള്ളക്കേസിൽ ജയിലിലടച്ചു.
നിർമൽ മാധവിനെ സഹായിക്കാൻ ഡിസിസി പ്രസിഡന്റ് കെ സി അബു ചെയർമാനായും പി എം നിയാസ് ജനറൽ കൺവീനറുമായി സംരക്ഷണ സമിതി രൂപീകരിച്ചു. ഒടുവിൽ ഉന്നതതല വിദഗ്ധ സമിതി നിർമൽ മാധവിന്റെ പ്രവേശനം അനധികൃതമാണെന്ന് കണ്ടെത്തുകയായിരുന്നു.
ക്വട്ടേഷൻ സംഘത്തിൽ യൂത്ത് ലീഗ് നേതാവും
മേലാറ്റൂർ സ്വദേശിയെ തട്ടിക്കൊണ്ടുപോയതിന് പിടിയിലായ നിർമൽ മാധവിന്റെ ക്വട്ടേഷൻ സംഘത്തിൽ മുസ്ലിം യൂത്ത് ലീഗ് നേതാവും. യൂത്ത് ലീഗ് കാളികാവ് പഞ്ചായത്ത് പ്രസിഡന്റ് വെള്ളയൂർ തൊടികപ്പുലം നീലേങ്ങാടൻ ജാഫർ (42) ആണ് അറസ്റ്റിലായത്. യൂത്ത് ലീഗ് വണ്ടൂർ നിയോജക മണ്ഡലം കമ്മിറ്റി അംഗം, കാളികാവ് സർവീസ് കോ-–-ഓപറേറ്റീവ് ബാങ്ക് ഡയറക്ടർ എന്നീ ചുമതലകളും വഹിക്കുന്നു. മുസ്ലിം ലീഗിന്റെയും കോൺഗ്രസിന്റെയും നേതാക്കളുമായി അടുത്ത ബന്ധമുള്ള ജാഫർ നിയമസഭാ തെരഞ്ഞടുപ്പുകാലത്ത് താനൂരിൽ മുസ്ലിം ലീഗ് സ്ഥാനാർഥിയായിരുന്ന പി കെ ഫിറോസിനുവേണ്ടിയും പ്രചാരണത്തിനുണ്ടായിരുന്നു. വാഹന കച്ചവടം, റെന്റ് എ കാർ ബിസിനസ് എന്നീ മേഖലകളിൽ പ്രവർത്തിച്ചിരുന്ന ജാഫർ ഇടയ്ക്കിടെ വിദേശ യാത്രകളും നടത്താറുണ്ട്.