ന്യൂഡൽഹി
ഇന്ത്യയുടെ ഒളിമ്പിക്സ് ജേതാവ് നീരജ് ചോപ്ര ചെക്ക് റിപ്പബ്ലിക്കിലെ ഓസ്ട്രാവയിൽ ഇന്ന് നടക്കുന്ന ഗോൾഡൻ സ്പൈക്ക് മീറ്റിൽ പങ്കെടുക്കില്ല. പരിക്കിനെ തുടർന്ന് വിശ്രമത്തിലാണ് ലോക ഒന്നാംറാങ്കുകാരനായ ജാവ്ലിൻ ത്രോ താരം. കഴിഞ്ഞമാസം വിദേശപരിശീലനത്തിനിടെയാണ് പരിക്കേറ്റത്.
തുടർന്ന് ജൂൺ നാലിന് നടന്ന എഫ്ബികെ ഗെയിംസിലും 13ന് നടന്ന ഫിൻഡലൻഡ് പാവോനൂർമി മീറ്റിലും പങ്കെടുത്തില്ല. ഭുവനേശ്വറിൽ നടന്ന ദേശീയ ഇന്റർ സ്റ്റേറ്റ് മീറ്റിലും സാന്നിധ്യമുണ്ടായില്ല. ഏഷ്യൻ അത്ലറ്റിക്സിനുള്ള 54 അംഗ ഇന്ത്യൻ ടീമിലും നീരജിന്റെ പേരില്ല.
സ്വിറ്റ്സർലൻഡിൽ 30ന് നടക്കുന്ന ലുസെയ്ൻ ഡയമണ്ട് ലീഗിൽ നീരജുണ്ടാകുമെന്നാണ് വിവരം. മലയാളി ലോങ്ജമ്പ് താരം എം ശ്രീശങ്കറും ഇവിടെ മത്സരിക്കും. ആഗസ്തിൽ ഹംഗറിയിലെ ബുഡാപെസ്റ്റിൽ നടക്കുന്ന ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പാണ് നീരജ് ചോപ്രയുടെ ഉന്നം. തുടർന്ന് ചൈനയിലെ ഏഷ്യൻ ഗെയിംസും. ലോക ചാമ്പ്യൻഷിപ്പിന് 11 അത്ലീറ്റുകളാണ് ഇതുവരെ യോഗ്യത നേടിയത്. നീരജിനെയും ശ്രീശങ്കറിനെയും കൂടാതെ ഒമ്പത് താരങ്ങൾക്കുകൂടി യോഗ്യതയുണ്ട്.