ന്യൂഡൽഹി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക സന്ദർശനം ഇന്ത്യയെ അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ശിങ്കിടിയായി ഉറപ്പിച്ചെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ യോഗം പുറത്തിറക്കിയ കമ്യൂണിക്കയിൽ പറഞ്ഞു. ഇന്ത്യയെ അമേരിക്കയുടെ ‘പ്രധാന പ്രതിരോധപങ്കാളി’യാക്കിയ സൈനിക, പ്രതിരോധ കരാറുകൾക്കുമീതെ ജിഇ–-എഫ് 414 ജെറ്റ് എൻജിൻ സംയുക്ത ഉൽപ്പാദനത്തിനുള്ള കരാർ കൂടി ഇപ്പോൾ വന്നു. ആഗോളതലത്തിൽ അമേരിക്കയുടെ ആധിപത്യം ശക്തിപ്പെടുത്താൻ ചൈനയെ ഒറ്റപ്പെടുത്താനുള്ള തന്ത്രപരവും സൈനികവുമായ പങ്കാളിയായാണ് അവർ ഇന്ത്യയെ കാണുന്നതെന്ന് സിപിഐ എം ചൂണ്ടിക്കാട്ടി.
റിസർവ് ബാങ്ക് വിവാദ
ഉത്തരവ് പിൻവലിക്കണം
ബാങ്ക് വായ്പാ തട്ടിപ്പുകാർക്കും വെട്ടിപ്പുകാർക്കും ജനങ്ങളുടെ പണം കൊള്ളയടിക്കാൻ പാകത്തിൽ റിസർവ് ബാങ്ക് ഇറക്കിയ ഉത്തരവ് പിൻവലിക്കണമെന്ന് പിബി യോഗം ആവശ്യപ്പെട്ടു. എഫ്സിഐ സംസ്ഥാന സർക്കാരുകൾക്ക് അരി വിൽക്കരുതെന്ന് കേന്ദ്രം നിർദേശിച്ചിരിക്കുന്നു. ബിജെപി ഇതര സംസ്ഥാന സർക്കാരുകൾ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ നടപ്പാക്കുന്നത് തടയാനാണ് ഈ ജനാധിപത്യവിരുദ്ധ ഉത്തരവ്. വൈദ്യുതി ഉപയോക്താക്കൾക്ക് പ്രീ–-പെയ്ഡ് സ്മാർട്ട് മീറ്റർ നിർബന്ധിതമാക്കുന്ന പദ്ധതി സ്വകാര്യ കോർപറേറ്റുകൾക്ക് കൊള്ളലാഭം ലഭ്യമാക്കാനാണ്. കേന്ദ്രം ഈ പദ്ധതി ഉടൻ പിൻവലിക്കണം. ബിജെപിക്ക് രാഷ്ട്രീയനേട്ടം മാത്രം ലക്ഷ്യമിട്ടാണ് അസമിലെ മണ്ഡലം പുനർവിഭജനം. ഇത് നിർത്തിവയ്ക്കണം.
ബിജെപി എംപിയെ
അറസ്റ്റ് ചെയ്യണം
ഗുസ്തി താരങ്ങൾക്കുനേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ പ്രതിയായ ബിജെപി എംപിയെ ഉടൻ അറസ്റ്റ് ചെയ്യണം. കേസിൽ നടപടിക്രമങ്ങൾ വൈകിച്ചതാണ് പോക്സോ പ്രകാരം പരാതി നൽകിയ പെൺകുട്ടിയിൽ സമ്മർദം ചെലുത്തി മൊഴി തിരുത്തിക്കാൻ അവസരം നൽകിയത്. ദേശീയ കുടുംബാരോഗ്യ സർവേയിൽനിന്ന് ഭിന്നശേഷി സംബന്ധിച്ച ചോദ്യങ്ങൾ ഒഴിവാക്കിയതിൽ പിബി യോഗം ആശങ്ക പ്രകടിപ്പിച്ചു. അടുത്ത കേന്ദ്ര കമ്മിറ്റി യോഗം ആഗസ്ത് നാലിനും അഞ്ചിനും ഡൽഹിയിൽ ചേരും.