ന്യൂഡൽഹി
ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ 61 ദിവസം നീണ്ട കർഷക സമരത്തിനൊടുവിൽ വ്യവസായ മന്ത്രി തലവനായ ഉന്നതാധികാര സമിതി രൂപീകരിക്കാമെന്ന് രേഖാമൂലം സർക്കാർ ഉറപ്പുനൽകിയെന്ന് അഖിലേന്ത്യ കിസാൻസഭാ നേതാക്കൾ അറിയിച്ചു. ഗ്രേറ്റർ നോയിഡ വികസന അതോറിറ്റി ഓഫീസിനുമുന്നിൽ നടന്ന രാപകൽ സമരത്തിന്റെ എല്ലാ ആവശ്യവും അംഗീകരിക്കാൻ യോഗി ആദിത്യനാഥ് സർക്കാർ നിർബന്ധിതമായെന്നും ചരിത്ര സമരത്തിന്റെ വിജയാഘോഷം ഗ്രേറ്റർ നോയിഡയിലെ എല്ലാ ഗ്രാമത്തിലും ബുധനാഴ്ച നടക്കുമെന്നും വാർത്താസമ്മേളനത്തിൽ നേതാക്കൾ പറഞ്ഞു.
മന്ത്രി ചെയർമാനായ സമിതിയിൽ ഗ്രേറ്റർ നോയിഡയിൽ നിന്നുള്ള രണ്ട് എംപിമാരും എംഎൽഎമാരും വ്യവസായ വികസന വകുപ്പ് ചീഫ് സെക്രട്ടറി, അതോറിറ്റി സിഇഒയും എന്നിവരും ഉണ്ടാകും. സമിതി മുപ്പതിന് വിജ്ഞാപനം ചെയ്യും. 11 കർഷകനേതാക്കൾ സമിതിയിലുണ്ടാകും. ജൂലൈ പതിനഞ്ചിനുള്ളിൽ സമിതി റിപ്പോർട്ട് സമർപ്പിക്കണം.
പതിമൂന്ന് വർഷം മുമ്പ് ഗ്രേറ്റർ നോയിഡ വികസന അതോറിറ്റി ഏറ്റെടുത്ത ഭൂമിക്ക് പട്ടിക തയ്യാറാക്കി നിയമപ്രകാരമുള്ള നഷ്ടപരിഹാരവും ഇരകളുടെ പുനരധിവാസവും ഉറപ്പാക്കുക, ഭൂമിയില്ലാത്തവർക്ക് 40 ചതുരശ്ര മീറ്റർ ഭൂമി തുടങ്ങി ആവശ്യങ്ങളെല്ലാം സർക്കാർ അംഗീകരിച്ചു. നോയിഡയിൽ സമരനേതാക്കളെ ജയിലിലടച്ചും ലാത്തിച്ചാർജ് ചെയ്തും സമരത്തെ തകർക്കാൻ ശ്രമിച്ചിട്ടും സർക്കാരിന് മുട്ടുമടക്കേണ്ടി വന്നുവെന്ന് കിസാൻസഭാ ജനറൽ സെക്രട്ടറി വിജൂ കൃഷ്ണൻ പറഞ്ഞു. വൈസ് പ്രസിഡന്റ് ഹന്നൻമൊള്ള, ഫിനാൻസ് സെക്രട്ടറി പി കൃഷ്ണപ്രസാദ്, സമരനേതാക്കളായ ഡോ. രൂപേഷ് വർമ, വീർസിങ് നഗർ, ബ്രഹ്മപാൽ സുബേദാർ, സുരേഷ് മുഖ്യ, നിഷാത് റാവൽ, മഹാരാജ് സിങ് പ്രധാൻ തുടങ്ങിയവർ സംസാരിച്ചു.