ചെന്നൈ
ക്ഷേത്രപൂജാരിയെ നിയമിക്കുന്നതിൽ ജാതിക്കോ വംശപാരമ്പര്യത്തിനോ അല്ല ഓരോ ക്ഷേത്രത്തിലെയും പ്രത്യേകത അനുസരിച്ച് പൂജാകര്‍മങ്ങള്‍ ചെയ്യാന്‍ അറിവും പരിചയവുമുണ്ടോയെന്നതിനാണ് പ്രാധാന്യമെന്ന് മദ്രാസ് ഹൈക്കോടതി. ഹൈന്ദവാരാധനയുമായി ബന്ധപ്പെട്ട ആഗമ തത്വപ്രകാരം ഓരോ ക്ഷേത്രത്തിനു ബാധകമായ പൂജയും മറ്റും അനുഷ്ഠിക്കാനുള്ള പരിജ്ഞാനവും ശരിയായ പരിശീലനവും യോഗ്യതയുമുള്ളവരെയാണ് തെരഞ്ഞെടുത്തതെങ്കില്‍ പൂജാരി നിയമനത്തില്‍ ജാതിക്ക് പ്രത്യേക പ്രാധാന്യം കല്പിക്കേണ്ടതില്ലെന്ന് ജസ്റ്റിസ് എൻ ആനന്ദ് വെങ്കിടേഷ് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. സേലത്തെ ശ്രീ സുഗവനേശ്വരർ സ്വാമി ക്ഷേത്രത്തില്‍ പൂജാരി, സ്ഥാനീയ നിയമനത്തിനായി ക്ഷേത്രഭരണ ചുമതലയുള്ള ഉദ്യോഗസ്ഥന് പുറപ്പെടുവിച്ച സര്‍ക്കുലര്‍ ചോദ്യംചെയ്ത് 2018-ൽ മുത്തു സുബ്രഹ്മണ്യ ഗുരുക്കൾ സമർപ്പിച്ച റിട്ട്ഹർജി തീര്‍പ്പാക്കികൊണ്ടാണ് സുപ്രധാന ഉത്തരവ്.
പണ്ടുമുതലേ ആചാരങ്ങളും പ്രയോഗങ്ങളും അനുസരിച്ച് ക്ഷേത്രത്തിൽ സേവനമനുഷ്ഠിച്ചതിനാൽ സ്ഥാനിക പദവി വഹിക്കാന്‍ പാരമ്പര്യ അവകാശമുണ്ടെന്നവാദമാണ് ഹര്ജിക്കാരന് ഉയര്‍ത്തിയത്. പൂജാരിനിയമനത്തിന് പുതിയ പരസ്യം നല്കാന് ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ച കോടതി ഹര്‍ജിക്കാരനെ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാകാന്‍ നിര്‍ദേശിക്കുകയും ചെയ്തു.