കൽപ്പറ്റ > പുൽപ്പള്ളി സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പിൽ അറസ്റ്റിലായ കോൺഗ്രസ് പുൽപ്പള്ളി മണ്ഡലം പ്രസിഡന്റ് വി എം പൗലോസ് റിമാൻഡിൽ. ജൂലൈ മൂന്നുവരെയാണ് റിമാൻഡ് ചെയ്തത്.
ബാങ്ക് മുൻ ഡയറക്ടറായ പൗലോസിനെതിരെ വഞ്ചനാക്കുറ്റമാണ് ചുമത്തിയത്. പൗലോസ് ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ എട്ടരക്കോടി രൂപയുടെ വായ്പാ തട്ടിപ്പാണ് ബാങ്ക് കേന്ദ്രീകരിച്ച് നടത്തിയത്. നേരത്തെ അറസ്റ്റിലായ ബാങ്ക് മുൻ പ്രസിഡന്റ് കെപിസിസി ജനറൽ സെക്രട്ടറി കെ കെ അബ്രഹാം 29 ദിവസമായി ജയിലിലാണ്. ജാമ്യാപേക്ഷ ഹൈക്കോടതി 30ന് പരിഗണിക്കും.
അറസ്റ്റിലായ ബാങ്ക് മുൻ സെക്രട്ടറി രമാദേവിക്കും ജാമ്യം ലഭിച്ചിട്ടില്ല. തട്ടിപ്പിനിരകളായ പുൽപ്പള്ളി കേളക്കവല പരമ്പക്കാട്ട് ഡാനിയേൽ–-സാറാക്കുട്ടി ദമ്പതികളുടെ പരാതിയിലാണ് മൂവരും അറസ്റ്റിലായത്. വായ്പാ തട്ടിപ്പിനിരയായ കർഷകൻ കേളക്കവല ചെമ്പകമൂല രാജേന്ദ്രൻ നായർ ജീവനൊടുക്കിയതിനെ തുടർന്നാണ് പൊലീസ് അറസ്റ്റിലേക്ക് കടന്നത്. തട്ടിപ്പിലെ പ്രധാന കണ്ണിയായ സേവാദൾ ജില്ലാ വൈസ് പ്രസിഡന്റ് സജീവൻ കൊല്ലപ്പള്ളി ഒളിവിലാണ്.