ന്യൂഡൽഹി
ഛത്തീസ്ഗഢിൽ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലും പിസിസി പ്രസിഡന്റ് മോഹൻ മർക്കാമും തമ്മിലുള്ള തർക്കം ശക്തമായി. കോൺഗ്രസ് പാർടിയിലെ നിർണായക പദവികളിൽ മോഹൻ മർക്കാം നടത്തിയ അഴിച്ചുപണി സംസ്ഥാന ചുമതലയുള്ള എഐസിസി നേതാവ് കുമാരി ഷെൽജ ഇടപെട്ട് റദ്ദാക്കി. ബാഗേലുമായി നടത്തിയ ചർച്ചയ്ക്കു പിന്നാലെയാണ് ഇടപെടൽ. അടുത്തവർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് തമ്മിലടി. രാജസ്ഥാനിൽ അശോക് ഗെലോട്ടും സച്ചിൻ പൈലറ്റും തമ്മിലുള്ള പോര് പരിഹരിക്കാൻ പാടുപെടുന്നതിനിടെയാണ് ഛത്തീസ്ഗഢിലെ പൊട്ടിത്തെറി.
ജൂൺ ആദ്യം ഡൽഹിയിലെത്തി കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുമായി ചർച്ച നടത്തിയശേഷമാണ് മോഹൻ മർക്കാം വലിയ അഴിച്ചുപണി നടത്തിയത്. വിശ്വസ്തരെ നിർണായക പദവികളിൽ പ്രതിഷ്ഠിച്ചു. ഭൂപേഷ് ബാഗേൽ ഉടക്കിയതിനു പിന്നാലെ നിയമനങ്ങൾ റദ്ദാക്കി കുമാരി ഷെൽജ ഉത്തരവിറക്കി. എന്നാൽ, ഈ ഉത്തരവ് ഇതുവരെ നടപ്പാക്കിയിട്ടില്ല. മോഹൻ മർക്കാമിനെ പിസിസി പ്രസിഡന്റ് പദവിയിൽനിന്ന് നീക്കണമെന്ന് ബാഗേൽ നേതൃത്വത്തിനോട് ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അനാവശ്യമായ അസ്വാരസ്യവും ആശയക്കുഴപ്പവും ഒഴിവാക്കാൻ മോഹൻ മർക്കാമിനെ നീക്കുന്നതാണ് ഉചിതമെന്നാണ് ബാഗേൽ വാദിക്കുന്നത്.















