മോസ്കോ
റഷ്യയിലുണ്ടായ സായുധ കലാപനീക്കത്തിന്റെ പശ്ചാത്തലത്തിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ജർമൻ ചാൻസലർ ഒലാഫ് ഷോൾസ്, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാക് എന്നിവരുമായി ചർച്ച നടത്തി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഉക്രയ്നുള്ള പിന്തുണ നേതാക്കൾ ആവർത്തിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു.
വാഗ്നർ ഗ്രൂപ്പുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കാമെന്ന് റഷ്യയെ അറിയിച്ചതായി തുർക്കിയ പ്രസിഡന്റ് റജെബ് തയ്യിപ് എർദോഗൻ ശനിയാഴ്ച അറിയിച്ചിരുന്നു. ജി ഏഴ് രാഷ്ട്രങ്ങളുടെ വിദേശമന്ത്രിമാരും വിഷയം ചർച്ച ചെയ്തു.
എസ്റ്റോണിയ, ലാത്വിയ തുടങ്ങിയ രാജ്യങ്ങൾ അതിർത്തിയിൽ സുരക്ഷ ശക്തമാക്കി. തിന്മയുടെ പാത സ്വീകരിച്ചവർ സ്വയം നശിക്കുന്നതാണ് റഷ്യയിൽ കാണുന്നതെന്ന് ഉക്രയ്ൻ പ്രസിഡന്റ് വ്ലോദിമിർ സെലൻസ്കി പ്രതികരിച്ചു. റഷ്യയിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതായി ഇറ്റലി പ്രധാനമന്ത്രി ജോർജിയ മെലോണി പറഞ്ഞു. കസാഖ്സ്ഥാൻ പ്രസിഡന്റ് കാസിം ജൊമാർട് ടൊകയേവ് ദേശീയ സുരക്ഷാ കൗൺസിലിന്റെ പ്രത്യേക യോഗം വിളിച്ചു. അതിനിടെ, റഷ്യൻ വിദേശ സഹമന്ത്രി ആൻഡ്രേയ് റുഡെൻകോ, ബീജിങ്ങിൽ ചൈനീസ് വിദേശമന്ത്രി ചിൻ ഗ്യാങ്ങുമായി കൂടിക്കാഴ്ച നടത്തി.















