കൊച്ചി
പ്രളയത്തിൽ വീട് നഷ്ടപ്പെട്ട കുടുംബത്തിന് സഹകരണ വകുപ്പ് കെയർഹോം പദ്ധതിയിൽ നിർമിച്ച വീടിനുമുന്നിലും പുനർജനിയുടെ ബോർഡ് ഉയർന്നു. വീട്ടുടമ കലക്ടർക്ക് പരാതി നൽകിയതോടെ ബോർഡും ബാനറുമെല്ലാം എടുത്തുമാറ്റി. കെയർഹോം പദ്ധതിയിൽ വരാപ്പുഴ സഹകരണബാങ്ക് പറവൂർ നഗരസഭ 13–-ാം വാർഡിൽ നിർമിച്ച വീടിന്റെ മുന്നിലാണ് വി ഡി സതീശൻ എംഎൽഎയുടെ ചിത്രം ഉൾപ്പെടെ പുനർജനി പദ്ധതിയുടെ ബോർഡ് വയ്ക്കാൻ ശ്രമമുണ്ടായത്. വീടിന്റെ അവസാന മിനുക്കുപണി നടക്കുമ്പോഴാണ് മറ്റൊരു സ്പോൺസർ മുഖേന കുറച്ചു സാമ്പത്തിക സഹായം നൽകാമെന്ന് വീട്ടുകാർക്ക് വാഗ്ദാനം നൽകിയത്. പണം നൽകിയില്ലെന്നുമാത്രമല്ല, ഗൃഹപ്രവേശത്തിനു തലേന്ന് വീട് പുനർജനി പദ്ധതിയിലാക്കി ബോർഡ് സ്ഥാപിച്ചു. വീട്ടമ്മ കലക്ടർക്ക് പരാതി നൽകിയതോടെ താലൂക്ക് ഓഫീസ് അധികൃതരെത്തി ബോർഡ് മാറ്റിയത്. പ്രളയബാധിതർക്കായി സർക്കാർ പദ്ധതികളിലോ, സ്പോൺസർമാർ മുഖേനയോ നിർമിച്ച വീടുകൾക്ക് അവസാനനിമിഷം മറ്റു സ്പോൺസർമാർ മുഖേന ചെറിയ സാമ്പത്തികസഹായം ഏർപ്പെടുത്തിയശേഷം പുനർജനിയുടെ ബോർഡ് സ്ഥാപിച്ചായിരുന്നു തട്ടിപ്പ്. എംഎൽഎക്ക് നീരസം വേണ്ടെന്നുകരുതി പലരും ബോർഡ് മാറ്റാൻ പരാതി നൽകിയില്ലെന്നുമാത്രം. എന്നാൽ ‘ഞാൻ ആവശ്യപ്പെടാതെയാണ് പുനർജനി ബോർഡ് വച്ചതെന്നാണ്’ വി ഡി സതീശന്റെ ഇപ്പോഴത്തെ വാദം.
എറണാകുളം ജില്ലയിൽ 2018ലെ പ്രളയം ഏറ്റവും കൂടുതൽ ദുരിതം വിതച്ച പറവൂരിലേക്ക് പഠനസാമഗ്രികൾമുതൽ വീടും വീട്ടുപകരണവുംവരെ സഹായമായെത്തി. സർക്കാരിന്റെ ലൈഫ്, കെയർഹോം പദ്ധതികൾക്കുപുറമെ ആസ്റ്റർ ഡിഎം കെയർ, ദുബായ് പോർട്ട് വേൾഡ്, റോട്ടറി ഇന്റർനാഷണൽ, ലയൺസ് ഇന്റർനാഷണൽ, കൊച്ചിൻ കാർഡിയാക് ഫോറം, അംബുജ സിമന്റ്, പറവൂരിലെ പ്രമുഖ വ്യക്തികൾ, വ്യവസായ വാണിജ്യ പ്രമുഖർ എന്നിവരൊക്കെ വീട് അടക്കമുള്ള സഹായങ്ങൾ നൽകി.
പറവൂരിനായി ‘-പുനർജനി’ എന്ന സ്വന്തം പദ്ധതി പ്രഖ്യാപിച്ച എംഎൽഎ വിദേശത്തടക്കംപോയി പണാഭ്യർഥന നടത്തിയിട്ട് എന്തു പ്രയോജനമുണ്ടായി എന്ന ചോദ്യം ഉയർന്നപ്പോഴാണ് സംഘടനകളും സ്ഥാപനങ്ങളും വ്യക്തികളും നിർമിച്ചുനൽകിയ വീടുകളിലേക്ക് വിരൽ ചൂണ്ടിയത്. 216 വീടുകൾ നിർമിച്ചെന്നാണ് വി ഡി സതീശന്റെ അവകാശവാദം.