ന്യൂഡൽഹി
പ്രധാനമന്ത്രി കാര്യാലയം (പിഎംഒ) ഉദ്യോഗസ്ഥൻ ചമഞ്ഞ് വീണ്ടും തട്ടിപ്പ്. വഡോദര സ്വദേശിയായ മായങ്ക് തിവാരിയെ (45) പൊലീസ് അറസ്റ്റ് ചെയ്തു. പിഎംഒയിലെ നയതന്ത്ര ഉപദേഷ്ടാവെന്ന വ്യാജേന വഡോദരയിലെ പാറുൾ സർവകലാശാല ട്രസ്റ്റി ഗിതിക പട്ടേലിനെ കബളിപ്പിക്കാനുള്ള ശ്രമത്തിനിടെയാണ് മായങ്ക് തിവാരി പിടിയിലായത്. ഗുജറാത്തിൽ വിദ്യാഭ്യാസമേഖലയിൽ ചില പദ്ധതികൾ നടപ്പാക്കാനായി വൻതോതിൽ നിക്ഷേപം നടത്തണമെന്ന് ഗിതിക പട്ടേലിനോട് മായങ്ക് തിവാരി ആവശ്യപ്പെട്ടു. നിരന്തരം സമ്മർദം ചെലുത്തിയതോടെ സംശയമുണ്ടായി. സർവകലാശാല നടത്തിയ അന്വേഷണത്തിൽ മായങ്ക് തിവാരി വ്യാജനാണെന്ന് ബോധ്യമായി. തുടർന്ന് നൽകിയ പരാതിയിലാണ് മായങ്ക് അറസ്റ്റിലായത്.
പിഎംഒ ഉദ്യോഗസ്ഥൻ ചമഞ്ഞ് ജമ്മു കശ്മീരിൽ സൈന്യത്തിന്റെ സുരക്ഷയിൽ ഗുജറാത്തുകാരനായ കിരൺഭായ് പട്ടേൽ വിലസിയത് വൻ വിവാദമായിരുന്നു. ഇയാൾ പിന്നീട് പിടിയിലായി. പുണെയിൽ കഴിഞ്ഞ ആഴ്ച പിഎംഒ സെക്രട്ടറിയാണെന്ന് അവകാശപ്പെട്ട് ഒരാൾ 42 ലക്ഷം രൂപ തട്ടി.















