തിരുവനന്തപുരം
മോൻസൺ തട്ടിപ്പുകേസിൽ അറസ്റ്റിലായ കെപിസിസി പ്രസിഡന്റ് കെ സുധാകരനെയും പുനർജനി തട്ടിപ്പുകേസിൽ പ്രതിസ്ഥാനത്ത് നിൽക്കുന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശനെയും ഹൈക്കമാൻഡ് ഡൽഹിക്ക് വിളിപ്പിച്ചു. തിങ്കളാഴ്ച ഉച്ചയോടെ ഡൽഹിയിലെത്തുന്ന ഇരുവരും മല്ലികാർജുൻ ഖാർഗെയെയും രാഹുൽ ഗാന്ധിയെയും കണ്ട് വിശദീകരണം നൽകും. ഇതിനിടെ കെ സി വേണുഗോപാലിന്റെ പിന്തുണ സമ്പാദിച്ച് ഹൈക്കമാൻഡിനെ സ്വാധീനിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്.
സംസ്ഥാനത്തെ കോൺഗ്രസിനെ നയിക്കുന്ന രണ്ടുപേരും ഒരേസമയം തട്ടിപ്പുകേസിൽ പ്രതിസ്ഥാനത്തെത്തുന്നത് അസാധാരണ സാഹചര്യമാണ്. കേസ് കെട്ടിച്ചമച്ചതാണെന്ന വാദം ഹൈക്കമാൻഡ് വിശ്വാസത്തിലെടുത്തിട്ടില്ല. തട്ടിപ്പുകേസുകളിൽ ഇവർക്ക് പങ്കുണ്ടെന്ന് മുതിർന്ന നേതാക്കൾ ഹൈക്കമാൻഡിനെ ധരിപ്പിച്ചിട്ടുണ്ട്. കേസിന്റെ സാഹചര്യം സുധാകരൻ നേതൃത്വത്തെ അറിയിച്ചിട്ടില്ല. ഗുരുതര പ്രതിസന്ധിയിലകപ്പെട്ടിട്ടും കെപിസിസി രാഷ്ട്രീയകാര്യ സമിതിയോ സംസ്ഥാന എക്സിക്യൂട്ടീവോ വിളിച്ചിട്ടില്ല. സതീശനും സുധാകരനും ചേർന്ന് തന്നിഷ്ടപ്രകാരം തീരുമാനമെടുത്ത് മുന്നോട്ട് പോകുന്നുവെന്ന വിമർശം നേതാക്കൾക്കിടയിൽ ശക്തമാണ്.
കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് സുധാകരനെ മാറ്റിയാൽ പുനർജനി കേസിൽ നില പരുങ്ങലിലാകുമെന്ന് പ്രതിപക്ഷ നേതാവ് സതീശൻ കരുതുന്നു. സുധാകരന് പിന്നിൽ ഉറച്ചുനിൽക്കാൻ സതീശനെ പ്രേരിപ്പിക്കുന്നതും മറ്റൊന്നല്ല. പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറിനിൽക്കാമെന്ന പ്രഖ്യാപനം ഇരുട്ടിവെളുത്തപ്പോഴേക്കും സുധാകരൻ തിരുത്തിയതിനു പിന്നിലും ഈ സമ്മർദമാണ്.
പ്രസിഡന്റ് സ്ഥാനം
വിടില്ല: സുധാകരൻ
കെപിസിസി പ്രസിഡന്റുസ്ഥാനത്തുനിന്ന് മാറില്ലെന്ന് കെ സുധാകരൻ. കേസിൽ പ്രതിയായതിനാൽ ധാർമികമായ ഉത്തരവാദിത്വമെന്ന നിലയിലാണ് മാറിനിൽക്കാമെന്ന് നേരത്തേ പറഞ്ഞത്. ഹൈക്കമാൻഡ് ഉൾപ്പെടെ നിർദേശിച്ചതിനാൽ മാറിനിൽക്കില്ല. ദേശാഭിമാനി പത്രത്തിനെതിരെയും സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെയും മാനനഷ്ടക്കേസ് കൊടുക്കുമെന്നും സുധാകരൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.















