ന്യൂഡൽഹി
മണിപ്പുർ സംഘർഷം രൂക്ഷമായിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി തുടരുന്ന മൗനത്തെ സർവകക്ഷി യോഗത്തിൽ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ പാർടികൾ. ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ പാർലമെന്റ് മന്ദിരത്തിൽ ചേർന്ന യോഗത്തിലാണ് 15 പാർടികൾ പ്രതിഷേധം അറിയിച്ചത്. കോൺഗ്രസ്, സിപിഐ എം, എസ്പി, ആർജെഡി, എഎപി തുടങ്ങിയ പാർടികൾ യോഗത്തിന് എത്തി. മണിപ്പുരിലെ സ്ഥിതി നിയന്ത്രണവിധേയമല്ലന്ന് അമിത് ഷാ ആദ്യമായി തുറന്നുസമ്മതിച്ചു. ‘കലാപങ്ങൾ കൈകാര്യം ചെയ്ത് ’ പരിചയമുണ്ട്. മണിപ്പുരിൽ കലാപം ആദ്യമല്ല. പ്രധാനമന്ത്രി വിഷയത്തിൽ നിർദേശം നൽകുന്നുണ്ട് എന്നുമുള്ള ദുർബല ന്യായീകരണവും ഷാ നടത്തി.
പക്ഷപാതപരവും നിഷ്ക്രിയനുമായ ബിജെപി മുഖ്യമന്ത്രി ബിരേൻ സിങ്ങിന് അധികാരത്തിൽ തുടരാൻ അവകാശമില്ലെന്ന് സിപിഐ എമ്മിനെ പ്രതിനിധാനംചെയ്ത് പങ്കെടുത്ത ജോൺ ബ്രിട്ടാസ് എംപി വ്യക്തമാക്കി. ഇതിനെ ബിജെപി സഖ്യകക്ഷിയായ എംഎൻഎഫിനു പുറമെ സമാജ്വാദി പാർടി, ജെഡിയു, എഎപി, ആർജെഡി കക്ഷികളും പിന്തുണച്ചു. പൊലീസിന്റെ ആയുധം കവർന്നത് വാർത്തയായിട്ടും കേന്ദ്രം തുടരുന്ന മൗനത്തെയും ബ്രിട്ടാസ് ചോദ്യം ചെയ്തു. മൂന്നു പ്രതിനിധി സംഘം ഡൽഹിയിൽ എത്തി പ്രധാനമന്ത്രിയെ കാണാൻ സമയം ചോദിച്ചിട്ടും നൽകിയില്ല. ഇതിൽ രണ്ടു പ്രതിനിധി സംഘം ബിജെപി എംഎൽഎമാർ അടങ്ങുന്നതായിരുന്നു. ബിജെപി എംഎൽഎമാർതന്നെ മുഖ്യമന്ത്രിയെ മാറ്റണമെന്ന് ആവശ്യപ്പെടുന്നെന്നും സിപിഐ എം ചൂണ്ടിക്കാട്ടി. മേഘാലയ, സിക്കിം മുഖ്യമന്ത്രിമാരെ ക്ഷണിച്ചപ്പോൾ മണിപ്പുർ മുഖ്യമന്ത്രിയെ ഒഴിവാക്കിയതും ചോദ്യം ചെയ്തു. ഇതിന് രാഷ്ട്രീയ പാർടി പ്രതിനിധികളെ മാത്രമാണ് ക്ഷണിച്ചതെന്നാണ് ഷായുടെ ന്യായം.
മണിപ്പുരിനെ ഒരിക്കൽപ്പോലും പ്രധാനമന്ത്രി തിരിഞ്ഞുനോക്കിയില്ലെന്ന് കോൺഗ്രസിനെ പ്രതിനിധാനം ചെയ്ത് എത്തിയ മണിപ്പുർ മുൻ മുഖ്യമന്ത്രി ഒക്രം ഇബോബി സിങ് വിമർശിച്ചു. സംഘർഷങ്ങളിൽ 131 മരണം നടന്നു. 5889 എഫ്ഐആർ രജിസ്റ്റർ ചെയ്തെങ്കിലും 144 അറസ്റ്റ് മാത്രമാണ് നടന്നത്. കേസ് ഹൈക്കോടതിയിൽനിന്ന് സുപ്രീംകോടതിയിലേക്ക് മാറ്റാനുള്ള നടപടി സ്വീകരിക്കുമെന്നും അമിത് ഷാ പറഞ്ഞു. സിപിഐയെ യോഗത്തിൽ ക്ഷണിക്കാത്ത നടപടിയിൽ ജനറൽ സെക്രട്ടറി ഡി രാജ ശക്തമായ പ്രതിഷേധം അറിയിച്ചു.
ഡൽഹിയിൽ പ്രതിഷേധം
മണിപ്പുർ സംഘർഷം നിയന്ത്രിക്കാൻ കേന്ദ്രം തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിൽ വനിതാ സംഘടനകളടക്കം വൻ പ്രതിഷേധവുമായെത്തി. നാൽപ്പതോളം സംഘടനകൾ ആഹ്വാനംചെയ്ത പ്രതിഷേധത്തിൽ കലാപ ഇരകളടക്കം നൂറുകണക്കിനു പേർ അണിചേർന്നു. കലാപ ഇരകൾ നേരിട്ട ക്രൂര അനുഭവങ്ങൾ വിവരിച്ചു.
അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രസിഡന്റ് പി കെ ശ്രീമതി സമരത്തെ അഭിവാദ്യം ചെയ്തു. മണിപ്പുരിനു വേണ്ടിയുള്ള പോരാട്ടത്തിൽ അവസാനംവരെ മുന്നിൽ നിൽക്കുമെന്നും സമാധാനം പുനഃസ്ഥാപിക്കാൻ കേന്ദ്രം നടപടിയെടുക്കണമെന്നും ശ്രീമതി ആവശ്യപ്പെട്ടു. ഫെഡറേഷൻ ട്രഷറർ എസ് പുണ്യവതി, വൈസ് പ്രസിഡന്റ് സുഭാഷിണി അലി, നാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വിമൻ നേതാവ് ആനി രാജ, വനിത അവകാശ പ്രവർത്തകർ തുടങ്ങിയവരും പ്രതിഷേധത്തെ അഭിവാദ്യം ചെയ്തു. മലയാളികളായ കന്യാസ്ത്രീകളും പുരോഹിതരും ജന്തർ മന്തറിലെത്തി. രാജ്ഘട്ടിൽ മണിപ്പുരിലെ പ്രതിപക്ഷ പാർടികളുടെ നേതൃത്വത്തിൽ സമാധാനാഹ്വാനവുമായി സത്യഗ്രഹവും നടത്തി. കോൺഗ്രസ്, സിപിഐ എം, സിപിഐ, എഎപി തുടങ്ങി പത്ത് പാർടികളാണ് സത്യഗ്രഹമിരുന്നത്.