മോസ്കോ
യെവ്ഗേനി പ്രിഗോഷിൻ 2014ൽ രൂപീകരിച്ച സ്വകാര്യ സൈനിക സംഘമാണ് വാഗ്നർ ഗ്രൂപ്പ് എന്നറിയപ്പെടുന്ന പിഎംസി വാഗ്നർ. സ്വകാര്യ ആവശ്യത്തിനായാണ് രൂപീകരണമെങ്കിലും പിന്നീട് യുദ്ധമുഖത്ത് ഇടപെടുന്ന സംഘമായി വളരുകയായിരുന്നു.
തുടക്കക്കാലത്ത് 5000ൽ കുറവ് അംഗങ്ങളുള്ള രഹസ്യസംഘമായാണ് പ്രവർത്തിച്ചത്. റഷ്യൻ സൈന്യത്തിലെ മുൻ ഉദ്യോഗസ്ഥനായിരുന്ന ദിമിത്രി ഉട്കിനായിരുന്നു വാഗ്നറിന്റെ ആദ്യ ഫീൽഡ് കമാൻഡർ. ക്രിമിയയെ റഷ്യയോട് കൂട്ടിച്ചേർക്കുന്നതോടുകൂടിയാണ് വാഗ്നർ ഗ്രൂപ്പ് സജീവമാകുന്നത്. നിലവിൽ അമ്പതിനായിരത്തിലധികം അംഗങ്ങളുള്ള സംഘത്തിന്റെ ഭൂരിഭാഗം ആളുകളും ജയിലുകളിൽനിന്ന് റിക്രൂട്ട് ചെയ്യപ്പെട്ടവരാണ്. വിവിധ രാജ്യങ്ങളിൽ ഇവരുടെ സാന്നിധ്യമുണ്ട്. 2015 മുതൽ സിറിയയിൽ സർക്കാർ അനുകൂല സേനയ്ക്കൊപ്പമുണ്ട്.
ലിബിയയിൽ ജനറൽ ഖലീഫ ഹഫ്താറിനെ പിന്തുണയ്ക്കുന്നവരോടൊപ്പം. മാലിയിൽ തീവ്രവാദ ഗ്രൂപ്പുകൾക്കെതിരെ സർക്കാരിനൊപ്പം. ആഫ്രിക്കയിലെ ചില രാജ്യങ്ങളിൽ സ്വർണ, വജ്ര ഖനികൾക്ക് കാവൽ നിൽക്കാനും ഇവരുണ്ട്.